അക്ര : പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിനുശേഷം ലോകമെമ്പാടും ഇന്ത്യൻ പ്രതിരോധ ഉപകരണങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചു. കഴിഞ്ഞ ദിവസം അഞ്ച് രാജ്യങ്ങളിലെ വിദേശ പര്യടനത്തിന്റെ ഭാഗമായി ഘാനയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഘാന പ്രസിഡന്റ് ജോൺ മഹാമയും തമ്മിൽ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വകുപ്പ് സെക്രട്ടറി ദമ്മു രവി പറഞ്ഞു.
ഘാനയും ഇന്ത്യൻ ആയുധങ്ങളിൽ ആകൃഷ്ടരായി. ഇന്ത്യയിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനുള്ള ആഗ്രഹം ഘാന പ്രകടിപ്പിച്ചു. സൈന്യത്തിനും പ്രതിരോധ വകുപ്പിനും ഇത് അഭിമാനകരമായ കാര്യമാണ്. ഇന്ന് ലോകത്തിലെ 75 ലധികം രാജ്യങ്ങൾക്ക് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും ദമ്മു രവി പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളിൽ അതീവ താല്പര്യം പ്രകടിപ്പിച്ചതിന് ശേഷം ഘാന 4 പ്രധാന കരാറുകളിൽ ഒപ്പുവച്ചു. സംസ്കാരം, ആരോഗ്യം, സ്റ്റാൻഡേർഡൈസേഷൻ, സ്ഥാപനപരമായ സംഭാഷണം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഇന്ത്യയും ഘാനയും തമ്മിൽ നാല് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതിരോധ സഹകരണം ഘാനയ്‌ക്ക് എറെ പ്രാധാന്യമാണ്. കാരണം വടക്കൻ മേഖലയായ സഹേൽ മേഖലയിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയെയും കടൽക്കൊള്ളയെയും കുറിച്ച് ഘാനയ്‌ക്ക് സുരക്ഷാ ആശങ്കകളുണ്ട്. അതിനാൽ ഇന്ത്യയിൽ നിന്നുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശീലനത്തിലും പ്രതിരോധ സംവിധാനങ്ങളിലും ഘാന വ്യക്തമായ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ ഇപ്പോൾ ഒരു മുൻനിര രാജ്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനെതിരെ പ്രസിഡന്റ് മഹാമ ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതായും രവി പറഞ്ഞു. ഭീകരത ലോകത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇന്ത്യയിലെയും ഘാനയിലെയും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ പ്രസിഡന്റ് മഹാമ ഇന്ത്യയോട് വ്യക്തമായ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: