ആലപ്പുഴ: സൂംമ്പയില്‍ ചിലര്‍ ഉയര്‍ത്തുന്ന വിവാദങ്ങളില്‍ സര്‍ക്കാര്‍ മുട്ടില്‍ ഇഴയുന്ന സമീപനം, ലജ്ജാകരമാണെന്ന് ബിഡിജെഎസ് അദ്ധ്യക്ഷനും, എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ നൃത്തം ചെയ്യുന്നതില്‍ പോലും മതവൈര്യം കാണുന്ന ഇത്തരം വര്‍ഗീയ കോമരങ്ങള്‍ നവോത്ഥാാന കേരളത്തിന് അപമാനമാണ്. ഈ കൂട്ടര്‍ക്ക് ഒളിഞ്ഞും, തെളിഞ്ഞും വെള്ളവും, വളവും നല്‍കി പോറ്റുന്നത് സര്‍ക്കാര്‍ തന്നെയാണ്. സ്‌കൂള്‍ സമയക്രമം മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഈ ശക്തികള്‍ ഉറഞ്ഞു തുള്ളിയതു കണ്ട് സര്‍ക്കാര്‍ അവര്‍ക്കു മുന്നില്‍ മുട്ടില്‍ ഇഴയേണ്ടി വന്നു. ഒരു കൂട്ടര്‍ക്ക് പാലും, തേനും നല്‍കി പരിപോഷിപ്പിക്കുന്ന സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായത്തിനും, ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കും ദുരന്ത കയമാണ് സമ്മാനിക്കുന്നത്. അക്രമവും നിയമവാഴ്ചയുടെ തകര്‍ച്ചയും മൂലം ജനം പൊറുതിമുട്ടിയിരിക്കുന്നു. ഇതിന് അറുതി വരുത്തുവാന്‍ നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസനപാതയില്‍ കേരളം എത്തണം, തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ആരോഗ്യ രംഗത്ത് ശോച്യാവസ്ഥയ്‌ക്ക് കാരണഭൂതയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് രാജി വെയ്‌ക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എല്ലാ പഞ്ചായത്തിലും യോഗയും, ധ്യാനവും ബിഡിജെഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. കെ. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എ.ജി. തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. അരയാക്കണ്ടി സന്തോഷ് സംഘടനാ റിപ്പോര്‍ട്ടിങ് നടത്തി. അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്വ.പി.എസ്. ജ്യോതിസ്, തമ്പി മേട്ടുത്തറ, അഡ്വ. സംഗീതാ വിശ്വനാഥ്, അനിരുദ്ധ് കാര്‍ത്തികേയന്‍, ഏ.ബി. ജയപ്രകാശ്, കെ.എ. ഉണ്ണികൃഷ്ണന്‍, എ.എന്‍. അനുരാഗ്, രാജേഷ് നെടുമങ്ങാട്, ഡി.പ്രേംരാജ്, പച്ചയില്‍ സന്ദീപ്, ആലുവിള അജിത്ത്, ഷീബ ടീച്ചര്‍, അനീഷ് പുല്ലുവേലി എന്നിവര്‍ സംസാരിച്ചു.
















