വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രണ്ട് ഇടങ്ങളിലായി സംസ്‌കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കാനായി മാസങ്ങളായി കളക്ടറേറ്റില്‍ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടാവാത്തതില്‍ ദുഖിതനായി മകന്‍. എട്ട് മാസമായി കളക്ടറേറ്റില്‍ കയറി ഇറങ്ങുകയാണെന്ന് മകന്‍ അനില്‍ പറയുന്നു.
ചൂരല്‍മല സ്വദേശിനി വിജയമ്മയുടെ മൃതദേഹമാണ് പുത്തുമലയില്‍ രണ്ടിടങ്ങളിലായി സംസ്‌കരിച്ചത്. ഡിഎന്‍എ പരിശോധനയിലെ മൃതദേഹഭാഗങ്ങള്‍ രണ്ട് സ്ഥലത്തായിട്ടാണ് സംസ്‌കരിച്ചിരിക്കുന്നതെന്ന് തെളിഞ്ഞിരുന്നു.
2024 ജൂലൈ 30 ന് ആണ് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ അകപ്പെട്ട നാല്‍പതില്‍ ഏറെ പേര്‍ ഇനിയും കാണാമറയത്താണ്. ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും ഒരിടത്തായിരുന്നു സംസ്‌കരിച്ചിരുന്നത്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാണ് സംസ്‌കരിച്ചത്. പിന്നീട് ഡിഎന്‍എ ഫലം വന്നപ്പോഴാണ് ചൂരല്‍മല സ്വദേശിയായ വിജയമ്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ രണ്ടിടങ്ങളിലായിട്ടാണ് അടക്കിയതെന്ന് തെളിഞ്ഞത്.
















