Kerala

ജമാ അത്തെ ഇസ്ലാമി ബന്ധം; മുസ്ലിം സംഘടനകള്‍ക്കും എതിര്‍പ്പ്, ഇരുമുന്നണികളും നിലമ്പൂരില്‍ വിജയിക്കാനുള്ള അടവുനയം പാളുമോയെന്ന ആശങ്കയിൽ

Published by

കോഴിക്കോട്: മുസ്ലിം വര്‍ഗീയ സംഘടനകളുമായുള്ള തെരഞ്ഞെടുപ്പ് ധാരണ ഇരുമുന്നണികള്‍ക്കും തിരിച്ചടിയാകുന്നു. ജമാ അത്തെ ഇസ്ലാമിയെ ന്യായീകരിക്കുന്ന വി.ഡി. സതീശനടക്കമുള്ള യുഡിഎഫ് നേതൃത്വത്തിനെതിരേ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ജമാ അത്തെ ഇസ്ലാമി മതരാഷ്‌ട്രവാദം ഉപേക്ഷിച്ചെന്ന വി.ഡി. സതീശന്റെ പ്രസ്താവനയെ സുന്നി വിഭാഗം അപലപിച്ചു. ജമാ അത്തെ ഇസ്ലാമിയെ കുറിച്ച് സതീശന്‍ പഠിച്ചിട്ടില്ലെന്നാണ് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി പ്രതികരിച്ചത്. പിഡിപിയോടും ജമാ അത്തെ ഇസ്ലാമിയോടും വിയോജിപ്പാണെന്നും മതരാഷ്‌ട്രവാദികളുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയെ ശക്തമായി എതിര്‍ത്ത ആര്യാടന്‍ ഷൗക്കത്ത് ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമിയെ ന്യായീകരിക്കുന്നതും ചര്‍ച്ചയാവുകയാണ്. ജമാ അത്തെ ഇസ്ലാമി രാജ്യത്തിന്റെ ഒറ്റുകാരാണെന്നും അതിനെ നിരോധിക്കണമെന്നുമായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ നിലപാട്. ജമാഅത്തെ ഇസ്ലാമിയുടെ പബ്ലിഷിങ് ഹൗസ് അടച്ചുപൂട്ടണമെന്നും കേരളത്തില്‍ നിന്ന് തീവ്രവാദി ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്നുമായിരുന്നു ഷൗക്കത്തിന്റെ നിലപാട്. മുസ്ലിം ചെറുപ്പക്കാരുടെ മനസില്‍ തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ വിതച്ചു തുടങ്ങിയെന്നും ഇപ്പോള്‍ ഇന്ത്യാരാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഏജന്റുമാരുടെ കേന്ദ്രമായി കേരളം മാറിയെന്നും മതതീവ്രവാദത്തിനെതിരേ നിലപാടെടുത്ത ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്നത് കാപട്യമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചൂണ്ടിക്കാണിക്കുന്നു.

മദനിയുടെ നേതൃത്വത്തിലുള്ള പിഡിപിയുടെ സഹായത്തില്‍ നിലമ്പൂരില്‍ മത്സരിക്കുന്നത് സിപിഎമ്മിനുള്ളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്ന സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. 1991, 1996, 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 98, 99 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2010, 2015 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ മത്സരിച്ച സിപിഎമ്മിന്റെ നിലപാടിലെ കാപട്യമാണ് ചര്‍ച്ചയാകുന്നത്. മുസ്ലിം വര്‍ഗീയ സംഘടനകളുമായി വോട്ടുകച്ചവടം നടത്തി നിലമ്പൂരില്‍ വിജയിക്കാനുള്ള അടവുനയം പാളുമോയെന്ന ആശങ്കയിലാണ് ഇരുമുന്നണികളും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by