പാലക്കാട്: കോങ്ങാട് ചെറായ ദയാനന്ദാശ്രമം മഠാധിപതി സ്വാമി സദാനന്ദസരസ്വതി(90) സമാധിയായി. കേരളത്തിലെ ആദ്ധ്യാത്മിക രംഗത്തെ ഏറ്റവും മുതിര്‍ന്ന ആചാര്യനായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ തന്നെ സ്വാമി ചിന്മയാനന്ദന്റെ വേദാന്ത പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ചിന്മയ സാന്ദീപിനി ഗുരുകുലത്തിലെ ആദ്യ ബ്രഹ്മചാരിയായി. 1974ല്‍ വേദാന്തപഠനം കഴിഞ്ഞത് മുതല്‍ സമാധിവരെയും വേദാന്തപ്രചരണത്തിനായി പ്രവര്‍ത്തിച്ചു. ആര്‍ഷവിദ്യാഗുരുകുലങ്ങളുടെ സ്ഥാപകനായ സ്വാമി ദയാനന്ദസരസ്വതിയില്‍ നിന്ന് 1982ല്‍ സംന്യാസദീക്ഷ സ്വീകരിച്ച് 1982ല്‍ പാലക്കാട് നഗരം കേന്ദ്രീകരിച്ച് സ്വാമിദയാനന്ദാശ്രമം സ്ഥാപിച്ചു. തുടര്‍ന്ന് കേരളം മുഴുവന്‍ സഞ്ചരിച്ച് നിരന്തരം ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി. 2008 മുതല്‍ കോങ്ങാട് ദയാനന്ദാശ്രമം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
കോങ്ങാട് ദയാനന്ദാശ്രമത്തില്‍ നടന്ന മഹാസമാധി ചടങ്ങുകള്‍ക്ക് ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി നേതൃത്വം നല്‍കി. സ്വാമിജിയുടെ ശിഷ്യര്‍,. ഭക്തജനങ്ങള്‍ എന്നിവര്‍ നടത്തിയ രുദ്രാഭിഷേകം ഭൂ സമാധിചടങ്ങ് എന്നിവയ്‌ക്ക് സ്വാമി അശേഷാനന്ദ, സ്വാമി സ്വരൂപാനന്ദസരസ്വതി, സ്വാമി സന്മയാനന്ദസരസ്വതി, സ്വാമി പൂര്‍ണാനന്ദ, സ്വാമി ദേവാനന്ദപുരി, കൊളത്തൂര്‍ അദൈ്വതാശ്രമത്തെ പ്രതിനിധീകരിച്ച് സ്വാമിനി ശിവാനന്ദ തുടങ്ങി അനേകം സംന്യാസിമാരും, ബ്രഹ്മചാരികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്തജനങ്ങളും എത്തിയിരുന്നു. 41-ാംദിനം സ്വാമിജിയുടെ ആരാധനാചടങ്ങുകള്‍ ഉണ്ടായിരിക്കും.
വേദാന്തനിഷ്ഠയുടെ മഹാതേജസായിരുന്നു ഇന്നലെ സമാധിയായ സ്വാമി സദാനന്ദസരസ്വതിയെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. വേദാന്തബോധത്തിന്റെ, ആന്തരിക സ്നേഹത്തിന്റെ സ്വയം ജ്ഞാനനിഷ്ഠയിലായിരിക്കുമ്പോഴും ബാലസമാനമായ ജിജ്ഞാസയോടെയുള്ള സംശയം ചോദിക്കലുകളുടെ കര്‍ക്കശതയോടൊത്ത വഴക്കുപറച്ചിലുകളുടെ ആ സാന്നിധ്യമാണ് ബാഹ്യമായി വിട്ടകന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: