തിരുവനന്തപുരം: തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്തിമ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ടയാണെന്ന് എംഎ ബേബി പറഞ്ഞു. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ മടിയില്ലെന്നും തെറ്റ് തിരുത്തല്‍ തുടരുമെന്നും എംഎ ബേബി പറഞ്ഞു. കരുവന്നൂര്‍ തെറ്റ് തിരുത്തിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തെറ്റ് തിരുത്തല്‍ സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തുന്നത് പോലെയല്ല എന്നായിരുന്നു മറുപടി.
കെ രാധാകൃഷ്ണൻ എംപി, എംഎം വർഗ്ഗീസ്, എ സി മൊയ്തീൻ അടക്കം ജില്ലയിലെ സിപിഐഎം നേതാക്കളെ ഉൾപ്പെടെ പ്രതികളാക്കിയാണ് ഇ ഡി അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ഇ ഡിയുടേത് ബോധപൂര്‍വമായ ഗൂഢാലോചനയാണെന്നും അതിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കുനേരെ ഇല്ലാക്കഥയുണ്ടാക്കി കേസെടുക്കുകയാണെന്നും അതുകൊണ്ടൊന്നും സിപിഐഎമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: