തിരുവനന്തപുരം: വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നതായി പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ഇതിലൂടെ ക്ഷേത്രപാരമ്പര്യ കലകളെ ഒഴിവാക്കി വിരുദ്ധമായ കലകള്‍ കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. ഇതെല്ലാം തന്നെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഒഴിവാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി 59-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അമ്പലങ്ങള്‍ പിഴുത് മാറ്റിയാലെ നാട് നന്നാകൂവെന്ന് പറഞ്ഞവരാണ് ഇന്ന് ക്ഷേത്രഭരണം കൈയാളുന്നത്. മതാന്തത പിടിച്ചവര്‍ ക്ഷേത്രങ്ങള്‍ കൈയേറുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണ്. അന്ന് ക്ഷേത്രം തകര്‍ക്കണമെന്നാവശ്യപ്പെട്ടവര്‍ ഇന്ന് ക്ഷേത്രം ഭരിക്കണമെന്നാവശ്യവുമായി വരികയാണ്. ക്ഷേത്രങ്ങള്‍ ആത്മികതയുടെ കേന്ദ്രങ്ങളാണ്. അവിടേക്ക് ചിലര്‍ കടന്ന് വരുന്നത് ആചാരങ്ങളെ തകര്‍ക്കാനാണ് അദ്ദേഹം പറഞ്ഞു.
ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എംഡി ചെങ്കല്‍ രാജശേഖരന് പി. മാധവ്ജി പുരസ്‌കാരം നല്‍കി ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ ആദരിച്ചു. സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ടി.പി. സെന്‍കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി. കെ. സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി കെ. എസ്. നാരായണന്‍, മാതൃസമിതി അധ്യക്ഷ കുസുമം രാമചന്ദ്രന്‍, ഉപാധ്യക്ഷ പത്മാവതി അമ്മ. ഷാജു വേണുഗോപാല്‍, മുക്കംപാലമൂട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അധാര്‍മ്മികരുടെ കൈകളില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ സംരക്ഷണസമിതികള്‍ രൂപീകരിക്കണമെന്ന് ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിലെ സമാപനസഭ ഉദ്ഘാടനം മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി പറഞ്ഞു. ക്ഷേത്രങ്ങളില്‍ ഭക്തിയും വിശ്വാസവുമാണ് വേണ്ടത്. എന്നാല്‍ ഇന്ന് വിശ്വാസികളല്ലാത്തവരുടെ കൈകളിലാണ് ക്ഷേത്രഭരണം. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ക്ഷേത്ര ചൈതന്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനായി ക്ഷേത്രങ്ങളില്‍ അശുദ്ധി വരുത്തുന്നു. നിലവാരം കുറഞ്ഞ വസ്തുക്കള്‍ ക്ഷേത്രത്തിലെ പൂജദികാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളുടെ പവിത്രത തകര്‍ക്കാന്‍ ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിലെ ശുദ്ധി കൃത്യമായി സൂക്ഷിച്ചാല്‍ മാത്രമേ ചൈതന്യം പകര്‍ന്ന് കിട്ടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: