Kozhikode

സഹായത്തിന് സൈന്യവും സജ്ജം, ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ വിലയിരുത്തി

Published by

കോഴിക്കോട് : ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹായത്തിന് സൈന്യവും. അടിയന്തര ഘട്ടങ്ങളില്‍ ജില്ലയുടെ ഏത് ഭാഗത്തും സൈന്യം എത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗുമായി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ദുരന്തസാധ്യത കൂടുതലുള്ള പ്രദേശങ്ങളുടെയും അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ സംഘം ശേഖരിച്ചു. ദുരന്തത്തെ നേരിടാന്‍ ആര്‍മിയില്‍ തന്നെ കോര്‍ ടീം രൂപീകരിക്കുകയാണ് ലക്ഷ്യം. ജില്ലയുടെ ദുരന്തനിവാരണ പ്ലാന്‍ ആര്‍മിക്ക് കൈമാറും.
ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ജില്ലയില്‍ മഴക്കെടുതികള്‍ നേരിടുന്നതിന് എല്ലാ വിധ സന്നാഹങ്ങളും സജ്ജമാണെന്ന് ഉറപ്പുവരുത്താന്‍ ഡിഡിഎംഎ ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള യന്ത്രസാമഗ്രികള്‍, ഭക്ഷണ സാധനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍, പോലിസ്, ഫയര്‍ഫോഴ്സ്, ഡിഎംഒ, ആര്‍ടിഒ, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക