തിരുവനന്തപുരം: ഗതാഗത കരാറുകാര്‍ക്ക് കുടിശ്ശിക നല്‍കാനായി 50 കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായും ഇന്ന് തന്നെ തുക വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും ഇല്ല. ഗതാഗത കരാറുകാരുടെ സമരം മൂലം സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി നേരിട്ടതായി വന്നിട്ടുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി അറിയിച്ചു.
ഗതാഗത കരാറുകാര്‍ക്ക് നല്‍കേണ്ട പ്രതിഫലം ഒന്നോ രണ്ടോ മാസത്തെ കുടിശ്ശിക വരാറുണ്ട്. ഇതിനാവശ്യമായ തുക (50 കോടി രൂപ) അനുവദിക്കുകയും വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. റേഷന്‍കടകളില്‍ ഒന്നര മാസത്തെക്കുള്ള സ്റ്റോക്ക് ഉള്ളതിനാല്‍ പണിമുടക്ക് സമരങ്ങള്‍ വിതരണത്തെ ബാധിക്കാറില്ല. പോര്‍ട്ടബിലിറ്റി സൗകര്യം ഉള്ളതിനാല്‍ ഏതു കടയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റാന്‍ സാധിക്കും. നാളിതുവരെ ഈ രംഗത്ത് ഗൗരവമായ പ്രതിസന്ധി ഉണ്ടായിട്ടില്ല. എന്നാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം താറുമാറായി എന്ന രൂപത്തിലുള്ള തെറ്റായ പ്രചാരണം ജനങ്ങളില്‍ ഭീതി പരത്തുവാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: