World

മുഹമ്മദ് യൂനസുമായി ബംഗ്ലാദേശ് സൈന്യം ഇടയുന്നു; യുഎസ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യസുരക്ഷ അടിയറവയ്‌ക്കാന്‍ സമ്മതിക്കില്ലെന്ന് സൈന്യം

ബംഗ്ലാദേശിലെ താല്‍ക്കാലിക ഭരണത്തിന്‍റെ മേധാവി മുഹമ്മദ് യൂനസുമായി ബംഗ്ലാദേശ് സൈന്യം ഇടയുന്നതായി റിപ്പോര്‍ട്ട്.

Published by

ധാക്ക: ബംഗ്ലാദേശിലെ താല്‍ക്കാലിക ഭരണത്തിന്റെ മേധാവി മുഹമ്മദ് യൂനസുമായി ബംഗ്ലാദേശ് സൈന്യം ഇടയുന്നതായി റിപ്പോര്‍ട്ട്. യുഎസ് നിര്‍ദേശപ്രകാരം മ്യാന്‍മറിലെ രാഖിനെ സ്റ്റേറ്റില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഇടനാഴി തുറക്കുമെന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെയാണ് സൈനികത്തലവന്‍ വഖര്‍-ഉസ്-സമന്‍ ചോദ്യം ചെയ്തത്. ഇതോടെ മുഹമ്മദ് യൂനസ് ഈ പ്രസ്താവനയില്‍ നിന്നും പിന്തിരിഞ്ഞിരിക്കുകയാണ്.

രാഖിനെയില്‍ നന്നും ബംഗ്ലാദേശിലേക്ക് തുറക്കുന്ന ഇടനാഴി രക്തപ്പുഴയൊഴുക്കുന്ന ഇടനാഴിയാകുമെന്ന് സൈനികത്തലവന്‍ വഖര്‍-ഉസ് – സമന്‍ കഴിഞ്ഞ ദിവസം തുറന്ന പ്രസ്താവന നടത്തിയിരുന്നു. യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങി രാഖിനെ ഇടനാഴി തുറന്നാല്‍ അത് ബംഗ്ലാദേശിന്റെ ദേശീയതാല്‍പര്യത്തിന് എതിരാകുമെന്നാണ് സൈന്യത്തിന്റെ അഭിപ്രായം. സൈന്യം മാത്രമല്ല, ഷേഖ് ഹസീനയുടെ എതിരാളിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് ഖലിദ സിയയും രാഖിനെ ഇടനാഴി തുറക്കുന്നതിന് എതിരാണ്. ഇത് ബംഗ്ലാദേശിന്റെ പരമാധികാരം നഷ്ടപ്പെടുത്തുമെന്നാണ് അവരുടെ ഭയം. രാഖിനെ സ്റ്റേറ്റിലെ ജനങ്ങള്‍ക്ക് ഇതുവഴി ജീവകാരുണ്യസഹായങ്ങള്‍ എത്തിക്കാമെന്നാണ് ഐക്യരാഷ്‌ട്രസഭയും നിര്‍ദേശിക്കുന്നത്.

യുഎസ് നിര്‍ദേശിച്ചതിനനുസരിച്ച് ആഭ്യന്തരയുദ്ധം കൊണ്ട് പൊറുതിമുട്ടുന്ന രാഖിനെയില്‍ നിന്നും കിഴക്കന്‍ ബംഗ്ലാദേശിലെ ചത്തോഗ്രാമിലേക്ക് (പഴയ ചിറ്റഗോംഗ്) ഇടനാഴി തുറക്കാന്‍ സമ്മതിച്ചാല്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തില്‍ ഇനിയും കുറെനാള്‍ തൂങ്ങിക്കിടക്കാമെന്നാണ് മുഹമ്മദ് യൂനസും കൂട്ടരും കരുതുന്നത്. ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തനാനുമതി നല്‍കിയും മറ്റും പരമാവധി പുതിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയാണ് മുഹമ്മദ് യൂനസ്. എന്നാല്‍ ഇത് വേണ്ടെന്നും വൈകാതെ പൊതുതെരഞ്ഞെടുപ്പ് നടത്താനും സൈന്യം മുഹമ്മദ് യൂനസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, രാജ്യത്തെ സംബന്ധിച്ച പ്രധാനകാര്യങ്ങള്‍ സൈന്യത്തെക്കൂടി ധരിപ്പിക്കാനും മുഹമ്മദ് യൂനസിനോട് സൈന്യത്തലവന്‍ വഖര്‍-ഉസ്-സമന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തായാലും ബംഗ്ലാദേശില്‍ മുഹമ്മദ് യൂനസിന്റെയും ജമാ അത്തെ ഇസ്ലാമി തീവ്രവാദത്തിന്റെയും പിടി അയയുന്നു എന്ന സൂചനയാണ് ഈ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. എന്തായാലും ബംഗ്ലാദേശ് സൈന്യത്തെ ഭയപ്പെടുകയാണ് മുഹമ്മദ് യൂനസ് എന്ന് വ്യക്തമാണ്. കാരണം മുഹമ്മദ് യൂനസ് നിയമിച്ച ദേശീയ സുരക്ഷ ഉപദേശകന്‍ ഖലിലുര്‍ റഹ്മാന്‍ തന്നെ രാഖിനെ ഇടനാഴിയെക്കുറിച്ച് ഇടക്കാല സര്‍ക്കാര്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്ന പ്രസ്താനവയുമായി രംഗത്ത് വന്നത് ഇതിനെ തെളിവാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക