Kerala

നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതിയില്ല: ജയിലില്‍ നിരാഹാരം തുടങ്ങി മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്

ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചിരുന്ന രൂപേഷിനെയും സംഘത്തെയും 2015 മേയ് മാസത്തിലാണ് പൊലീസ് പിടികൂടുന്നത്

Published by

തൃശൂര്‍: ജയിലില്‍ കഴിയുന്നതിനിടെ രചിച്ച നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി . മുഖ്യമന്ത്രിയുടെയും ജയില്‍ വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രൂപേഷ് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ‘ബന്ദിതരുടെ ഓര്‍മ്മകള്‍’ എന്ന നോവലിനാണ് പ്രസിദ്ധീകരണാനുമതി നല്‍കാത്തത്.

പുസ്തകത്തില്‍ കവി കെ സച്ചിദാനന്ദന്‍ അടക്കം മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഒപ്പിട്ടിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി രൂപേഷ് പ്രത്യേക നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും അനുവാദം നല്‍കാതിരുന്നതോടെ പ്രതിഷേധ സൂചകമായി നിരാഹാര സമരത്തിലേക്ക് കടക്കുകയായിരുന്നു.

നോവലില്‍ ജയില്‍, യുഎപിഎ നിയമം, കോടതി തുടങ്ങിയവയെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുസ്തകത്തിന് അനുമതി നല്‍കാത്തത്. നിലവില്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് രൂപേഷ് കഴിയുന്നത്.

സിപിഐ(എംഎല്‍)ന്റെ വിദ്യാര്‍ത്ഥി സംഘടനയായ കേരള വിദ്യാര്‍ത്ഥി സംഘടന(കെവിഎസ്) യിലൂടെ രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവന്ന രൂപേഷ് പില്‍ക്കാലത്ത് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചിരുന്ന രൂപേഷിനെയും സംഘത്തെയും 2015 മേയ് മാസത്തിലാണ് പൊലീസ് പിടികൂടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by