ന്യൂദല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്ത് കേന്ദ്രസർക്കാർ. ഇതിനൊപ്പം പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ( എച്ച്.ഇ.സി) എന്ന കമ്പനിയെയും വിലക്കി. പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ദേശീയപാത നിര്‍മാണത്തിന്റെ ടീം ലീഡറായ രാജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. കേരളത്തിലെ ദേശീയപാതയിലെ നിര്‍മാണ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഐഐടി പ്രഫസര്‍ കെ.ആര്‍. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്.
സമിതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി അറിയിച്ചു. പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കരാര്‍ കമ്പനിക്കും കണ്‍സള്‍ട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രം നടപടിയെടുത്തത്. കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഇനി ദേശീയപാതയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക