ബലൂചിസ്ഥാന്‍: ബലൂചിസ്ഥാനില്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസിന് നേരെ ബോംബ് ഘടിപ്പിച്ച കാര്‍ ചാവേര്‍ ഓടിച്ചു കയറ്റുകയായിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ മൂക്കിന് താഴെയാണ് വീണ്ടും ചാവേര്‍ സ്ഫോടനം നടന്നത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഡ്രൈവറും അസിസ്റ്റന്‍റും ആണ് കൊല്ലപ്പെട്ടത്. സൈന്യത്തിന് നേരെയുള്ള തുടര്‍ച്ചയായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ നിസ്സഹായരായി നില്‍ക്കാനേ പാകിസ്ഥാന്‍ സൈന്യത്തിന് കഴിയുന്നുള്ളൂ.
ഖുസ്ദാര്‍ ജില്ലയില്‍ ആണ് സ്ഫോടനം നടന്നത്. സൈന്യം നടത്തുന്ന സ്കൂളിലേക്ക് കുട്ടികളെ ബസില്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സ്ഫോടനം നടന്നതെന്ന് ലോക്കല്‍ ഡപ്യൂട്ടി കമ്മീഷണര്‍ യാസിര്‍ ഇഖ് ബാല്‍ പറഞ്ഞു.
ഇതുവരെ ഒരു തീവ്രവാദി ഗ്രൂപ്പുകളും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ചാവേര്‍ ബോംബ് സ്ഫോടനമാണ് നടന്നത്. മിക്കവാറും ബലൂചിസ്ഥാന്‍ പ്രദേശത്തെ പാകിസ്ഥാനില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്ര രാജ്യമാക്കി മാറ്റണമെന്ന് വാദിക്കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയായിരിക്കും സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ് വി ആക്രമണത്തെ അപലപിച്ചു. കുട്ടികളുടെ മരണത്തില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തി. ബോംബാക്രമണത്തിന് പിന്നിലുള്ളവര്‍ പിശാചുക്കളാണെന്നും അദ്ദേഹം ആരോപിച്ചു.
പാക് സൈന്യവും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി നിരന്തരം അവിടെ ചാവേര്‍ സ്ഫോടനം നടക്കുകയാണ്. പാകിസ്ഥാന്‍ സൈന്യത്തിന് തലവേദന ഒഴിയുന്നതേയില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൈനികക്യാമ്പിന് നേരെ തീവ്രവാദികളുടെ ബോംബാക്രമണം നടന്നിരുന്നു. അതിലും നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: