ന്യൂദൽഹി : ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നും അനധികൃതമായി കുടിയേറിയതായി സംശയിക്കപ്പെടുന്ന വ്യക്തികളുടെ യോഗ്യതാപത്രങ്ങൾ പരിശോധിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചു . നാടുകടത്താനുള്ള നടപടികളും സ്വീകരിക്കണമെന്നാണ് നിർദേശം.
ഈ മാസം പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും തിരിച്ചറിയാനും നാടുകടത്താനും അവരുടെ നിയമപരമായ അധികാരങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നാടുകടത്തൽ കാത്തിരിക്കുന്ന വ്യക്തികളെ സൂക്ഷിക്കാൻ മതിയായ ജില്ലാതല തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഫെബ്രുവരിയിൽ, അനധികൃത ബംഗ്ലാദേശി, റോഹിംഗ്യൻ കുടിയേറ്റക്കാരെ രാജ്യത്തേക്ക് കടക്കുന്നതിനും, രേഖകൾ നേടുന്നതിനും, അവരുടെ താമസം സുഗമമാക്കുന്നതിനും സഹായിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
“അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്നം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്, അത് കർശനമായി കൈകാര്യം ചെയ്യണം. അവരെ തിരിച്ചറിഞ്ഞ് നാടുകടത്തണം,” അമിത്ഷാ പറഞ്ഞു. അതിനുശേഷം, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്ന ആളുകളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള രേഖകളില്ലാത്ത, അനധികൃത കുടിയേറ്റക്കാർക്കെതിരെ കേന്ദ്രം പുതുക്കിയ നടപടികളുടെ ഭാഗമാണ് ഈ നിർദ്ദേശങ്ങൾ. ഇരു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ അതിർത്തികൾ കാക്കുന്ന സേനകളായ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), അസം റൈഫിൾസ് എന്നിവയുടെ ഡയറക്ടർ ജനറൽമാർക്കും (ഡിജി) ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്
സൂറത്തിലും അഹമ്മദാബാദിലും തിരച്ചിൽ നടത്തി 6,500 പേരെ കസ്റ്റഡിയിലെടുത്തു. 148 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ ആദ്യ ബാച്ചിനെ ഈ ആഴ്ച ഒരു പ്രത്യേക വിമാനത്തിൽ പശ്ചിമ ബംഗാളിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: