Kerala

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും; മുഖ്യ അതിഥിയായി സുരേഷ് ഗോപിയും ജോർജ് കുര്യനും

Published by

ന്യൂദല്‍ഹി: മുഖച്ഛായ മാറുന്ന ഭാരത റെയില്‍വേയുടെ പ്രതീകമായി അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച 103 റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. രാജസ്ഥാന്‍ ബിക്കാനീറിലെ നവീകരിച്ച ദേഷ് നോക്ക് സ്റ്റേഷന്‍ രാവിലെ 11.30ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ വടകര, ചിറയിന്‍കീഴ് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിക്കും. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ ഉദ്ഘാടന സഭയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യ അതിഥിയായി എത്തും. വടകരയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും മുഖ്യ അതിഥിയാവും. പി. ടി ഉഷ എം.പിയും ചടങ്ങുകളിൽ പങ്കെടുക്കും.

18 സംസ്ഥാനങ്ങളിലെ 103 സ്റ്റേഷനുകളുടെ നവീകരണത്തിനായി 1100 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്.

കേരളത്തില്‍ 35 സ്റ്റേഷനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 1,300ലധികം സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രാദേശിക വാസ്തുവിദ്യയും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതുമാണ് അമൃത് ഭാരത് സ്റ്റേഷനുകള്‍.

ഭാരതത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളെ നവീകരിക്കുന്നതിനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാനചുവടുവയ്‌പ്പാണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി. യാത്രക്കാരുടെ സൗകര്യങ്ങള്‍, പ്രാദേശികസംസ്‌കാരം, മികച്ച കണക്റ്റിവിറ്റി എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഒരു റെയില്‍വേ സ്റ്റേഷന്‍ എന്തായിരിക്കണമെന്ന് പദ്ധതി പുനര്‍നിര്‍വചിക്കുന്നു. ദിവ്യാംഗര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക