ഇസ്ലാമബാദ്: കൊടും ഭീകരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിന് പാക് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 14 കോടി രൂപ അനുവദിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
വ്യോമാക്രമണത്തില്‍ തകര്‍ന്നതോ കേടുപാട് സംഭവിച്ചതോ ആയ കെട്ടിടങ്ങളുടെ പുനര്‍ നിര്‍മാണത്തിനും സര്‍ക്കാര്‍ സഹായം നല്കുമെന്നും ഇതില്‍ പറയുന്നു. തെക്കന്‍ പഞ്ചാബിലെ ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളില്‍ ഭാരതം നടത്തിയ വ്യോമാക്രമണത്തില്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
അസറിന്റെ സഹോദരന്‍, മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവനും ഭാര്യയും, ഇവരുടെ മക്കള്‍ അടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക അവകാശി എന്ന നിലയില്‍ പാക് സര്‍ക്കാരില്‍ നിന്നും 14 കോടി രൂപ ഭീകരന്‍ മസൂദ് അസറിന് ലഭിക്കും. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പത്താന്‍കോട്ട് ആക്രമണം എന്നിവയ്‌ക്ക് നേതൃത്വം നല്കിയ മസൂദ് അസറിനെ ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പാക് ചാരസംഘടനയായ ഐഎസിന്റെ സംരക്ഷണയില്‍ കഴിയുകയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: