ബുക്കാറസ്റ്റ് :ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ റൊമാനിയ സൂപ്പര്‍ ബെറ്റ് ക്ലാസിക് ചെസില്‍ ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവിനോട് തോല്‍വി ഏറ്റുവാങ്ങി ഇന്ത്യയുടെ ഗുകേഷ്. വളരെ നിസ്സാരമായാണ് മാക്സിം വാചിയര്‍ ലെഗ്രാവ് ഇന്ത്യയുടെ ഗുകേഷിനെ തോല്‍പിച്ചത്. ചെസില്‍ ലോക ചാമ്പ്യന്‍ പട്ടം അണിഞ്ഞ ശേഷം ഗുകേഷ് തകര്‍ച്ചയുടെ പാതയിലാണ്. തുടര്‍ച്ചയായ തോല്‍വികള്‍. ടാറ്റ സ്റ്റീല്‍ ചെസില്‍ ഫൈനലില്‍ പ്രജ്ഞാനന്ദയോട് തോറ്റത് ഗുകേഷിന് തിരിച്ചടിയായി. അതുപോലെ ജര്‍മ്മനിയില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്‍റ് സ്ലാമിലും ഗുകേഷ് വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
ലോകകപ്പ് കിരീടം നേടിയ ശേഷം തുടര്‍ച്ചയായി ടൂര്‍ണ്ണമെന്‍റുകളില്‍ തോല്‍ക്കാന്‍ തുടങ്ങിയതോടെ ഗുകേഷിന് ചൈനീസ് താരം ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ എന്ന് ചോദ്യം ഉയരുകയാണ്. 2023ലെ ലോക ചാമ്പ്യനായിരുന്നു ചൈനയുടെ ഡിങ്ങ് ലിറന്‍. ചെസില്‍ ലോകകിരീടം നേടുന്ന ചൈനയില്‍ നിന്നുള്ള ആദ്യ താരം. പക്ഷെ 2023ല്‍ ചെസില്‍ ലോകചാമ്പ്യനായതോടെ ഡിങ്ങ് ലിറന്‍ മാനസികമായും ശാരീരകമായും തകര്‍ന്നു.
2023 ഏപ്രിലില്‍ നടന്ന ലോക ചെസ് കിരീടപ്പോരില്‍ റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയെ ആണ് ഡിങ്ങ് ലിറന്‍ തോല്‍പിച്ചത്. ലോക ചാമ്പ്യനായ ശേഷം അദ്ദേഹം പങ്കെടുത്ത റൊമാനിയയില്‍ നടന്ന 2023ലെ സൂപ്പര്‍ബെറ്റില്‍ എട്ടാം സ്ഥാനക്കാരനായി. അപ്പോഴേക്കും ഡിങ്ങ് ലിറന്‍ മാനസികമായും ശാരീരികമായും തളര്‍ന്നു തുടങ്ങി. ലോക ചെസ് കിരീടപ്പോരില്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ഡിങ്ങ് ലിറനെ തകര്‍ത്തു എന്നാണ് വിലയിരുത്തല്‍ ഉണ്ടായത്. പിന്നീട് ഒമ്പത് മാസത്തോളം ഡിങ്ങ് ലിറന്‍ കളികളില്‍ നിന്നും വിട്ടുനിന്നു. അതിന് ശേഷം 2024ല്‍ ചെസില്‍ തിരിച്ചെത്തിയപ്പോള്‍ തുടര്‍ച്ചയായ തോല്‍വികളായിരുന്നു ഡിങ്ങ് ലിറനെ കാത്തിരുന്നത്. ടാറ്റാ സ്റ്റീല്‍ ചെസില്‍ പിന്നിലായി. അപ്പോഴേക്കും ഡിങ്ങ് ലിറനെ വിഷാദരോഗവും ബാധിച്ചതായി പറയുന്നു. ഗ്രെങ്കെ ചെസ് ക്ലാസിക്കിലും ഡിങ്ങ് ലിറന്‍ പിറകിലായി. തുടര്‍ന്ന് നടന്ന നോര്‍വ്വെ ചെസ്സിലും തോറ്റു. പിന്നീട് ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ ഒരു മത്സരത്തില്‍ പോലും ഡിങ്ങ് ലിറന്‍ ജയിച്ചില്ല.
2024ല്‍ സിംഗപ്പൂരില്‍ ലോക ചെസ് കിരീടത്തിനായി ഇന്ത്യയുടെ ഗുകേഷുമായി പോരാടുമ്പോള്‍ ഡിങ്ങ് ലിറന്‍ ഒരിയ്‌ക്കലും വിജയിക്കാന്‍ പോകുന്നില്ലെന്ന് ലോക ചെസ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അതുപോലെ ഗുകേഷ് ഡിങ്ങ് ലിറനെ തോല്‍പിച്ച് ലോക ചാമ്പ്യനായി. പക്ഷെ ലോകചാമ്പ്യനായതോടെ ഗുകേഷിനെയും ഡിങ്ങ് ലിറന്റെ പ്രേതം ബാധിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. തുടര്‍ച്ചയായ ഗുകേഷിന്റെ തോല്‍വികളുടെ കാരണം മനസ്സിലാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: