ബുക്കാറസ്റ്റ് : റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് ക്ലാസിക് ചെസില്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ രണ്ട് പോയിന്‍റോടെ പ്രജ്ഞാനന്ദ ഒന്നാമത്. മൂന്നാം റൗണ്ടില്‍ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ പ്രജ്ഞാനന്ദ തോല്‍പിക്കുകയായിരുന്നു. രാജ്ഞിയില്ലാത്ത മധ്യഗെയിമായിരുന്നു ഇരുവരുടേയും. പക്ഷെ 61 നീക്കത്തിലാണ് പ്രജ്ഞാനന്ദ വിജയം കണ്ടെത്തിയത്. വിദഗ്ധരമായി നിരത്തിയ കാലാള്‍പ്പടയാണ് പ്രജ്ഞാനന്ദയ്‌ക്ക് വിജയം നല്‍കിയത്. ഒരു കാലാളിനെ ബലികൊടുത്താണ് പ്രജ്ഞാനന്ദ വിജയത്തിലേക്കുള്ള വഴി തുറന്നത്.
അപകടകാരിയായ ഗ്രാന്‍റ് മാസ്റ്ററാണ് നോഡിര്‍ബെക് അബ്ദുസത്തൊറോവ്. ഈ ടൂര്‍ണ്ണമെന്‍റില്‍ നേരത്തെ പ്രജ്ഞാനന്ദയും ലോകചാമ്പ്യന്‍ ഗുകേഷും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.
നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ ഫാബിയാനോ കരുവാന അപാരഫോമിലാണ്. അദ്ദേഹം മൂന്നാം റൗണ്ടില്‍ ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെ തോല്‍പിച്ചിരുന്നു. ക്വീന്‍സ് ഗാംബിറ്റ് ഡിക്ലൈന്‍ഡ് എന്ന ഓപ്പണിംഗ് ശൈലിയില്‍ കളിച്ച ഫിറൂഷയുടെ ഒരു പിഴവ് മുതലെടുത്ത് ഫാബിയാനോ കരുവാന വിജയം നേടി. ഇപ്പോള്‍ ഫാബിയാനോ കരുവാനയും രണ്ട് പോയിന്‍റോടെ പ്രജ്ഞാനന്ദയ്‌ക്ക് ഒപ്പമുണ്ട്. നേരത്തെ പ്രജ്ഞാനന്ദയും ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: