ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഒമ്പത് പാക് ഭീകരവാദ പരിശീലനകേന്ദ്രങ്ങള്‍ കൃത്യമായി ബോംബിട്ട് തകര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് പാക് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യപ്രതിയുമായി തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും കിട്ടിയ വിവരങ്ങളാണെന്ന് റിപ്പോര്‍ട്ട്.
166 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ, പിന്നീട് യുഎസില്‍ ഒളിച്ചുകഴിഞ്ഞിരുന്ന തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയ്‌ക്ക് വിട്ടുകിട്ടിയത് ഈയിടെയാണ്. ഇയാളെ തുടര്‍ച്ചയായി എന്‍ഐഎ ചോദ്യം ചെയ്തതില്‍ നിന്നും പാകിസ്ഥാന്റെ ഭീകരസംഘടനകള്‍ എവിടെയെല്ലാമാണ് തീവ്രവാദികള്‍ക്ക് പരിശീലനം കൊടുക്കുന്നതെന്ന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നത്രെ. ഇതാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗപ്പെടുത്തിയത്.
പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ്ഐയുടെ മേജര്‍ ഇക്ബാലുമായി നേരിട്ട് ബന്ധമുള്ളയാളാണ് തഹാവൂര്‍ ഹുസൈന്‍ റാണ. പാകിസ്ഥാന്‍കാരനായ തഹാവൂര്‍ ഹുസൈന്‍ റാണ അവിടുത്തെ സൈന്യത്തിലെ ഡ്കോടറായിരുന്നു. ലഷ്കര്‍ ഇ ത്വയിബ, ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമി, ഐഎസ്ഐഎസ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളുമായി ഇദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ലഷ്കര്‍ ഇ ത്വയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയിഷ് എ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ പരിശീല കേന്ദ്രങ്ങളായ കോട്ലി, സിയാല്‍കോട്ട്, ബര്‍ണാല, മുരിഡ്കെ, സര്‍ജാല്‍, ബഹവല്‍പൂര്‍ എന്നിവിടങ്ങളായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സേന വ്യോമാക്രമണത്തിന് ലക്ഷ്യമാക്കിയ കേന്ദ്രങ്ങള്‍. കശ്മീരിന്റെ പാകിസ്ഥാന്‍ അധീന പ്രദേശങ്ങളിലും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും സ്ഥിതിചെയ്യുന്ന ഈ പ്രദേശങ്ങളിലായിരുന്നു ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കി വരുന്ന കേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: