തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസനത്തിന് ഭാവനയും ദീര്‍ഘവീക്ഷണവുമുള്ള ഒരു ഭരണനേതൃത്വം ആവശ്യമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. തിരുവനന്തപുരം പൂജപ്പുര മൈതാനിയിലെ ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷ നഗരിയില്‍ നടന്ന ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ തർപ്പണം നടക്കുന്ന കടവ് കണ്ടാൽ അറിയാം എത്രത്തോളം മാലിന്യം അടിഞ്ഞു കിടക്കുന്നു എന്നുള്ളത്. അന്നന്നത്തെ കാര്യങ്ങൾ നടന്നുപോകത്തക്ക രീതിയിലുള്ള വികസനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
മാലിന്യം പോലെ തന്നെ മറ്റൊരു പ്രശ്നമാണ് ഗതാഗത സൗകര്യങ്ങളും. തിരുവനന്തപുരം നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ പഴവങ്ങാടി ക്ഷേത്രത്തിന് സമീപം ഒരു സ്‌കൂട്ടർ പോലും വയ്‌ക്കാൻ കഴിയാത്തത്ര സാഹചര്യമാണുള്ളത്.
വിഴിഞ്ഞം പദ്ധതി അതിന്റെ പുർണ തോതിൽ എത്തിക്കഴിഞ്ഞാൽ തിരുവനന്തപുരം നഗരത്തിന്റെ തന്നെ മുഖച്ഛായ തന്നെ മാറും. ഇത് മുന്നിൽ കണ്ടുള്ള വികസനമാണ് വേണ്ടത്. അതിന് ഭാവനാ സമ്പന്നമായ ഭരണ നേതൃത്വം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.
താന്‍ കണ്ടിട്ടുള്ള ഇന്ത്യയിലെ നല്ല നഗരങ്ങളിലൊന്നായിരുന്ന തിരുവനന്തപുരം കഴിഞ്ഞ 30-35 കൊല്ലംകൊണ്ടാണ് മലിനമായതെന്ന് ആര്‍ക്കിടെക്ട് ഹാബിറ്റാറ്റ് ശങ്കര്‍ പറഞ്ഞു. തിരുവനന്തപുരത്തിന്റെ വികസനത്തിനായി താന്‍ തയ്യാറാക്കി നല്‍കിയ വികസന മാതൃക നഗരസഭാ ഭരണാധികാരികള്‍ ചവറ്റുകൊട്ടയില്‍ നിക്ഷേപിച്ചെന്നും വേദനയോടെ അദ്ദേഹം പറഞ്ഞു.
















