പാലക്കാട്: അടഞ്ഞുകിടക്കുന്ന രാജ്യത്തെ എന്‍ടിസി (നാഷണല്‍ ടെക്സ്‌റ്റൈല്‍സ് കോര്‍പറേഷന്‍) മില്ലുകള്‍ തുറക്കാനാവശ്യമായ നടപടികളെടുക്കുമെന്ന് എന്‍ടിസി സിഎംഡി പദ്മിനി സിംഗ്ല അറിയിച്ചതായി ബിഎംഎസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര അറിയിച്ചു.
തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടിശ്ശികയുള്ള ഏഴ് മാസ ശമ്പളം ഉടന്‍ വിതരണം ചെയ്യുക, ഉല്‍പാദനം പുന:രാരംഭിക്കാന്‍ സാധിക്കുന്ന 12 മില്ലുകള്‍ തുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിഎംഎസ് ഭാരവാഹികള്‍ പുതിയ സിഎംഡിയെ കണ്ടത്. കുടിശ്ശിക വേതന വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഉന്നത അധികാരികളുമായി സംസാരിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും, മില്ലുകള്‍ തുറക്കുന്നത് സംബന്ധിച്ച് മില്ലുകളുടെ ജനറല്‍ മാനേജര്‍മാരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കിയതായി അദ്ദേഹം അറിയിച്ചു. നിലവില്‍ 23 എന്‍ടിസി മില്ലുകളും അഞ്ച് അനുബന്ധ സ്ഥാപനങ്ങളുമാണുള്ളത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, മാഹി, പുതുച്ചേരി എന്നിവിടങ്ങളിലാണ് എന്‍ടിസി മില്ലുകളാണുള്ളത്. പതിനായിരത്തിലധികം ജീവനക്കാരും, പതിനൊന്നായിരത്തിലധികം തൊഴിലാളികളും ഉണ്ട്.
കൊവിഡിന് ശേഷം 50 ശതമാനം വേതനമാണ് നല്‍കിവരുന്നത്. ഇത് ഏഴു മാസമായി മുടങ്ങിയിരിക്കുന്നു. കേരളത്തിലെ മില്ലുകള്‍ ഉള്‍പ്പെടെ നവീകരിച്ച 12 മില്ലുകള്‍ അടിയന്തരമായി തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍ടിസിയോടുള്ള സര്‍ക്കാരിന്റെ നയം മാറ്റണം. പുതിയ സംവിധാനം ഉപയോഗിച്ച് ഉടന്‍ തുറക്കാവുന്ന 12 മില്ലുകളില്‍ ഉത്പാദനം പുന:രാരംഭിച്ച് വിപണി പിടിക്കണം. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത് നടപ്പാക്കാവുന്നതേയുള്ളൂവെന്നും സുരേന്ദ്ര വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാമെന്ന് സിഎംഡി പറഞ്ഞത് സ്വാഗതാര്‍ഹമാണ്.
എന്‍ടിസി മില്ലുകളെക്കുറിച്ചുള്ള മാനേജ്മെന്റ് നയം പുന:പരിശോധിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കേരള പ്രദേശ് ടെക്സ്‌റ്റൈല്‍സ് മസ്ദൂര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.കെ. രവീന്ദ്രനാഥ്, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. രാജേഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: