കോഴിക്കോട് : ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം രാജ്യത്തിന്റെ കരുത്തും ശക്തിയും വിളംബരം ചെയ്യുന്നതാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മനുഷ്യത്വത്തോടുള്ള നമ്മുടെ എക്കാലത്തേയും കടമയും കടപ്പാടും ബോധ്യപ്പെടുത്തുന്നതുമാണത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ ഉള്‍പ്പെടെ ദക്ഷിണേഷ്യയില്‍ അശാന്തി പടര്‍ത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ഇന്ത്യയുടെ നീക്കങ്ങള്‍ പ്രേരകമാകും. നയതന്ത്ര നിലപാടുകളിലൂടെയും നടപടികളിലൂടെയും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളെ കൂടുതല്‍ വിപുലവും ഫലപ്രദവുമാക്കാന്‍ രാജ്യത്തിന് കഴിയും. ആ നിലക്കുള്ള കൂടുതല്‍ പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാനും രാജ്യത്തിന് സാധിക്കട്ടെ. ഈ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷക്കും ഐക്യത്തിനും അഖണ്ഡതക്കുമായി എല്ലാ ജനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: