തിരുവനന്തപുരം: ശരിയായ ദിശയില്‍ രാജ്യത്തെ നയിക്കുക എന്നതാണ് ജന്മഭൂമിയുടെ ദൗത്യമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. അനന്തപുരിയില്‍ നടക്കുന്ന ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പിറന്ന് വീഴുകയും യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറയുകയും ചെയ്തതിനെ തുടര്‍ന്ന് അടച്ച് പൂട്ടേണ്ടി വന്ന പത്രമാണ് ജന്മഭൂമി.
ഇന്ന് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടിയവരാണ് അന്ന് പത്രം പൂട്ടിക്കാനായി മുന്നില്‍ നിന്നത്. ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യ പ്രേമം പറയുന്നവരുടെ യഥാര്‍ത്ഥ സ്വഭാവം അമ്പത് വര്‍ഷം മുമ്പേ തിരിച്ചറിഞ്ഞ, അടിയന്തരാവസ്ഥക്കാലത്ത് അവരുടെ ക്രൂരത നേരിട്ട പത്രമാണ് ജന്മഭൂമി. സ്വാതന്ത്ര്യ സമരകാലത്ത് ജനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ പത്രങ്ങള്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പണത്തിനും അധികാരത്തിനും വേണ്ടി രാഷ്‌ട്രീയക്കാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പെടെ പത്രസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത് ജന്മഭൂമി മാത്രമാണ്.
മണ്‍മറഞ്ഞ് പോയവരുള്‍പ്പെടെയുള്ള ആളുകളുടെ കഷ്ടപാടിന്റെ ഫലമാണ് ഇന്ന് ജന്മഭൂമിയെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു. ഭാരതത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന് പറയുമ്പോഴും മാധ്യമ സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലഘട്ടത്തിലാണ്. മോദി വിരുദ്ധ സര്‍ക്കാരാണ് മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ശബ്ദം ഇല്ലാതാക്കാന്‍ ,അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് മറച്ച് വെച്ച് ഭാരതത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ ഇതാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്.
കഴിഞ്ഞ ദിവസം മാധ്യമ സ്വാതന്ത്രത്തിന് നേരെ വലിയൊരു കടന്ന് കയറ്റത്തിന് കേരളം വേ
ദിയായി. ഷാജന്‍ സ്‌കറിയ എന്ന മാധ്യമ പ്രവര്‍ത്തകനെ വാര്‍ത്ത നല്‍കിയെന്ന പേ
രില്‍ അര്‍ധ രാത്രി നടപടിയ്‌ക്ക് വിധേയനാക്കി.ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെ പ്രായമായ മാതാ പിതാക്കളുടെ മുന്നിലിട്ട് പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാണ് ഇത്തരത്തിലുള്ള കിരാത നടപടിക്ക് പിന്നിലെന്നും കേ
ന്ദ്രമന്ത്രി പറഞ്ഞു.
ഓരോ പൗരന്മാരുടെയും ശബ്ദമായി മാറാന്‍ ജന്മഭൂമിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കേരള ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നുമ്മല്‍, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, വോളിബോള്‍ താരവും മുന്‍ ഐജിയുമായ എസ്. ഗോപിനാഥ്, പൈതൃക പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. പി. ശങ്കരന്‍ കുട്ടി നായര്‍, നഗരാസൂത്രണ വിദഗ്ധന്‍ അനില്‍ കുമാര്‍ പണ്ടാല, ചാറ്റേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍, ജനം ടി. വി. ചെയര്‍മാന്‍ എസ്. രാജശേഖരന്‍നായര്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: