Kerala

തൃശൂരില്‍ വര്‍ണപ്പകിട്ടോടെ കുടമാറ്റം, ആവേശത്തിലാറാടി ജനം

തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരന്‍മാര്‍ ഇരുഭാഗങ്ങളിലായി നിരന്നു

Published by

തൃശൂര്‍: സാമ്പ്രദായിക കുടകളും സ്‌പെഷ്യല്‍ കുടകളും ആനപ്പുറത്ത് മാറിമാറി നിരന്നതോടെ തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടമാറ്റം സാക്ഷ്യം വഹിക്കാനെത്തിയ ജനസാഗരത്തെ ആവേശത്തിലാഴ്‌ത്തി.തിരുവമ്പാടി ,പാറമേക്കാവ് ഭഗവതിമാര്‍ മുഖാമുഖം അണിനിരന്ന് നടത്തിയ കുടമാറ്റം വൈകിട്ട് ആറ് മണിയോടെ തുടങ്ങി ഒന്നരമണിക്കൂര്‍ നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിച്ചത്.

പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെ കുടമാറ്റം ആരംഭിച്ചു. ആദ്യം പുറത്തേക്കിറങ്ങിയത് പാറമേക്കാവാണ്. തിരുവമ്പാടിയും പിന്നാലെ ഇറങ്ങിയതോടെ വര്‍ണ വിസ്മയത്തിന്റെ വിരുന്നായിരുന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരന്‍മാര്‍ ഇരുഭാഗങ്ങളിലായി നിരന്നു.

നേരത്തേ ഇലഞ്ഞിത്തറയില്‍ മേളം കൊട്ടിക്കയറിയത് ആസ്വദിക്കാന്‍ വന്‍ ജനാവലിയാണെത്തിയത്.കിഴക്കൂട്ട് അനിയന്‍മാരാരും സംഘവും ഒരുക്കിയ പാറമേക്കാവിന്റെ മേളം പൂരാവേശത്തിന്റെ പാരമ്യം നല്‍കി. മനംനിറച്ച വിരുന്ന്

ഇനി വെടിക്കെട്ടിനായുളള കാത്തിരിപ്പ്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് പുലര്‍ച്ചെയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by