പത്തനംതിട്ട: അയ്യപ്പഭക്തര്‍ക്ക് പമ്പാസ്‌നാനം, ബലിതര്‍പ്പണം അടക്കമുള്ള അനുഷ്ഠാനങ്ങള്‍ സുഗമമാക്കാനും ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനശേഷി ഉയര്‍ത്താനും ലക്ഷ്യമിട്ട് വിഭാവനം ചെയ്ത ‘സ്വാമി ശരണം’ പദ്ധതി നിര്‍മാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം ആരംഭിച്ച 1964-ല്‍ തന്നെ കെഎസ്ഇബി രൂപരേഖ തയാറാക്കിയ പദ്ധതി ആണിത്. ശബരിഗിരി പദ്ധതിക്കായി പമ്പാ ത്രിവേണിക്കു മുകളില്‍ വലുതും ചെറുതുമായ ഏഴ് ഡാമുകള്‍ നിര്‍മിക്കേണ്ടി വരുമ്പോള്‍ പമ്പാനദിയില്‍ ഉണ്ടാകുന്ന ജല ദൗര്‍ലഭ്യത്തിന് പരിഹാരമായാണ് പദ്ധതി നിര്‍ദേശിച്ചത്.
പമ്പയില്‍ സെക്കന്റില്‍ കുറഞ്ഞത് 5.2 ഘനമീറ്റര്‍ നീരൊഴുക്ക് ഉണ്ടെങ്കിലേ ശബരിമല തീര്‍ത്ഥാടന അനുഷ്ഠാനങ്ങള്‍ നടത്താന്‍ കഴിയു. വേനല്‍ കടുക്കുന്നതോടെ സെക്കന്റില്‍ ഒരു ഘനമീറ്ററില്‍ താഴേക്കു ജലപ്രവാഹം കുറയും. ഇതിന് പകരമായി പമ്പാ ഡാമിന് ഒന്നര കി.മീറ്റര്‍ താഴെ 12.8 മീറ്റര്‍ ഉയരത്തില്‍ ഒരു വിയര്‍ (ചെറിയ അണക്കെട്ട്) നിര്‍മിച്ച് രണ്ടു ദശലക്ഷം ഘനമീറ്റര്‍ ജലം ശേഖരിക്കുകയാണ് സ്വാമിശരണം പദ്ധതിയുടെ ലക്ഷ്യം. തീര്‍ത്ഥാടന കാലത്ത് ഈ ജലം ആവശ്യാനുസരണം തുറന്നുവിട്ട് പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.
തീര്‍ത്ഥാടന കാലത്ത് സെക്കന്റില്‍ 1.285 ഘനമീറ്റര്‍ ജലം ഇതുമൂലം അധികമായി പമ്പാ സ്‌നാന ഘട്ടത്തില്‍ ഒഴുകിയെത്തുമെന്നായിരുന്നു നിഗമനം.
പമ്പാ ഡാമില്‍ നിന്നും ചോര്‍ന്നു വരുന്ന ജലവും ആറ് ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുമായിരുന്നു പ്രധാന ജല സ്രോതസ്. മഴക്കാലത്ത് വിയറിലെ ജലം 500 കുതിരശക്തി ശേഷിയുള്ള രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ച് പമ്പാ ഡാമിലേക്കു തന്നെ പമ്പു ചെയ്ത് പ്രതിവര്‍ഷം 14.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.
1970-ല്‍ തന്നെ പദ്ധതി നിര്‍മാണം തുടങ്ങി. 4.2 മീറ്റര്‍ ഉയരത്തില്‍ വിയര്‍ നിര്‍മാണം എത്തിയതോടെ 1980-ല്‍ പുതിയ വന നിയമം വന്നു. ഇതോടെ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍മാണത്തിന് തടയിട്ടു.
വിയര്‍ വരുന്നതോടെ 15 ല്‍ പരം മരങ്ങള്‍ നശിക്കുമെന്ന ന്യായം പറഞ്ഞായിരുന്നു ഇത്. ഒടുവില്‍ 1990-ല്‍ വിയറിന്റെ ഉയരം 4.2 മീറ്ററായി ക്രമപ്പെടുത്തിക്കൊണ്ട് 310 കുതിരശക്തി ശേഷിയുള്ള രണ്ട് മോട്ടറുകള്‍ സ്ഥാപിച്ച് പമ്പാ ഡാമിലേക്ക് ജലം പമ്പു ചെയ്യാന്‍ തുടങ്ങി. എന്നാല്‍ പമ്പയില്‍ ജലനിരപ്പ് ക്രമപ്പെടുത്തുക എന്ന ലക്ഷ്യം സാധിച്ചില്ല.
പമ്പയിലെ ജലപ്രവാഹം ഇപ്പോള്‍ അന്നത്തേതിലും കുറഞ്ഞിട്ടുണ്ട്. തീര്‍ഥാടന കാലത്ത് കാല്‍പാദം നനയാന്‍ കൂടി ഇപ്പോള്‍ വെള്ളമില്ല. ഈ സാഹചര്യത്തിലാണ് സ്വാമി ശരണം പദ്ധതി പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക