സിപിഎമ്മിൽ നിന്നും മാറി മറ്റൊരു പാർട്ടി രൂപീകരിച്ചതിന്റെ പകയ്‌ക്ക് കേരളം നടുങ്ങിയ അരുംകൊലയ്‌ക്ക് ഇന്ന് 13 വര്ഷം. ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേയ്‌ക്ക് 13 വർഷം. 2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായത്. അക്രമരാഷ്‌ട്രീയം ഇല്ലാതാകേണ്ടതിന്റെ ഓർമപ്പെടുത്തലാണ് ടി പിയുടെ ഓരോ ഓർമ ദിനവും. കേരള രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ ടി.പി.ചന്ദ്രശേഖരന്റെ വധം.
2012 മെയ് നാലിനാണ് ഇന്നോവ കാറിലെത്തിയ അക്രമിസംഘം വടകര വള്ളിക്കാട് ജങ്ഷനിൽ വച്ച് ചന്ദ്രശേഖരനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സി പി ഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ൽ പാർട്ടി വിടുകയും റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു.
തുടർന്ന് ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഐഎമ്മിന് നഷ്ടപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ചന്ദ്രശേഖരൻ മത്സരിച്ചതും 23,000 ത്തോളം വോട്ടു നേടിയതും സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി. കൊലപാതകത്തിനു പിന്നിൽ സി പി ഐ എം ആണെന്ന ആരോപണം ശക്തിപ്പെടാനിടയാക്കിയത് അതൊക്കെയാണ്. കൊലപാതകത്തിൽ മൂന്ന് സിപിഐഎം നേതാക്കൾ ഉൾപ്പെടെ 12 പ്രതികൾ ശിക്ഷിക്കപ്പെട്ടു. എന്നാൽ സിപിഎം നേതാക്കൾ ശിക്ഷ അനുഭവിക്കുമ്പോഴും കൃത്യം ചെയ്തിട്ടില്ലെന്നാണ് സിപിഎം ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: