ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് ദേശീയ നേതാവ് മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തി മോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വെച്ചായിരുന്നു ഈ കൂടിക്കാഴ്ചകള്‍. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം എങ്ങിനെ പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ചാവിഷയമായത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിപുലമായ അഭിപ്രായഐക്യം സ്വരൂപിക്കുകയാണ്.
രാജ്യം മുഴുവന്‍ ശൃംഖലകളുള്ള, ബിജെപിയുടെ താത്വിക വഴികാട്ടി കൂടിയായ ആര്‍എസ്എസിന്റെ ദേശീയ നേതാവുമായുള്ള ചര്‍ച്ച ഒട്ടേറെ ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതീവപ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏതാനും തവണ മാത്രമേ ആര്‍എസ് എസ് നേതാവ് മോഹന്‍ ഭാഗവത് മോദിയുടെ വസതിയില്‍ നേരിട്ടെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ.
കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍, നാവിക, വ്യോമ, കരസേനകളുടെ മേധാവിമാര്‍ എന്നിവരുമായുള്ള അതീവപ്രാധാന്യമുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് പ്രധാനമന്ത്രി മോദി ആര്‍എസ് എസ് ദേശീയ നേതാവ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും തുരങ്കം വെയ്‌ക്കുന്ന പഹല്‍ ഗാം ആക്രമണത്തെ ആര്‍എസ്എസ് ശക്തമായി അപലപിച്ചിരുന്നു. വിഭാഗീയതകള്‍ വെടിഞ്ഞ് എല്ലാ സംഘടനകളും പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: