Kerala

പാകിസ്ഥാനെ പറഞ്ഞാല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും പൊള്ളുന്നതെന്തിന്: രാജീവ് ചന്ദ്രശേഖര്‍

കോണ്‍ഗ്രസ് അഴിമതിയും സിപിഎം അക്രമ രാഷ്ട്രീയവും ചെയ്യുന്ന പാര്‍ട്ടികളാണ്

Published by

വടകര: പാകിസ്ഥാനെ പറഞ്ഞാല്‍ പൊള്ളുന്ന കോണ്‍ഗ്രസും സിപിഎമ്മും ആണ് ഈ നാട് നേരിടുന്ന പ്രശ്‌നമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ രംഗത്തുണ്ട്. ദക്ഷിണേന്ത്യയിലെ പല കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളും പാകിസ്ഥാന് വേണ്ടിയുള്ളതാണ്. വടകരയില്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ വികസന കേരളം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.

കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കണം. അത് നമ്മുടെ ഒരു ദൗത്യമായി ഓരോ പ്രവര്‍ത്തകരും കാണണം. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ കേരളത്തിനും വികസനം ആവശ്യമാണ്. അതിനാണ് നമുക്ക് സംസ്ഥാനത്ത് അധികാരത്തില്‍ എത്തേണ്ടത്. യുവാക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കേരളത്തില്‍ മാറ്റം വരണം. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഏത് പാര്‍ട്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ നോക്കും. വാഗ്ദാനങ്ങള്‍ പാലിച്ച പാര്‍ട്ടിയാണ് ബിജെപി എന്ന് ജനങ്ങള്‍ക്ക് അറിയാം. ആറു പതിറ്റാണ്ട് നാട് ഭരിച്ചത് കോണ്‍ഗ്രസ് ആണ്. പത്തുവര്‍ഷത്തെ യുപിഎ ഭരണം അഴിമതികളാല്‍ നിറഞ്ഞതായിരുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും നിറഞ്ഞ യുപിഎ കാലത്ത് കേരളത്തില്‍ നിന്നും എട്ടു കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടും കേരളത്തിന് ഒരു കേന്ദ്ര പദ്ധതിയും ലഭിച്ചില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച വലിയ കുതിപ്പ് ലോകത്തിനാകെ അറിയാം. രാജ്യത്ത് നടക്കുന്ന വികസനം മലയാളികള്‍ തിരിച്ചറിയുന്നുണ്ട്. അവര്‍ ബിജെപിക്കൊപ്പം അണിനിരക്കുമെന്നുറപ്പുണ്ട്.

കേരളത്തിലെ ഇടതു വലത് മുന്നണികളെ യുവാക്കള്‍ മടുത്തു കഴിഞ്ഞു. കോണ്‍ഗ്രസ് അഴിമതിയും സിപിഎം അക്രമ രാഷ്‌ട്രീയവും ചെയ്യുന്ന പാര്‍ട്ടികളാണ്. എന്നാല്‍ പിണറായി വിജയന്‍ ഭരണത്തില്‍ സിപിഎമ്മും അഴിമതിയാല്‍ നിറഞ്ഞു കഴിഞ്ഞു. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. പതിനൊന്നു വര്‍ഷം കേന്ദ്രം ഭരിച്ചിട്ടും ഒരു അഴിമതി ആരോപണം പോലും മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടില്ല, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പി കെ

കേരളത്തിന്റെ രാഷ്‌ട്രീയ മണ്ണ് ബിജെപിക്ക് ഏറെ അനുകൂലമായി മാറിക്കഴിഞ്ഞതായി കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. വികസിത കേരളം എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ. രാജ്യത്തെ 25 കോടി പാവപ്പെട്ടവരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചതായും കൃഷ്ണദാസ് പറഞ്ഞു.

കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി ആര്‍ പ്രഫുല്‍കൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി, വി കെ സജീവന്‍, രാംദാസ് മണലേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ വികസന കേരളം കണ്‍വന്‍ഷനും ഇന്നലെ നടന്നു. റൂറല്‍ ജില്ലാ അധ്യക്ഷന്‍ ടി ദേവദാസ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക