India

ഭീകരര്‍ക്കെതിരെ ശ്രേയാ ഘോഷാലും അരിജിത് സിങ്ങും അനിരുദ്ധ് രവിചന്ദറും; സംഗീത പരിപാടി വേണ്ടെന്നുവെച്ചു

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ശ്രേയാ ഘോഷാലും അരിജിത് സിങ്ങും അവരുടെ സംഗീത പരിപാടികള്‍ റദ്ദാക്കി. ഗുജറാത്തിലെ സൂറത്തില്‍ നേരത്തെ നിശ്ചയിച്ച സംഗീതപരിപാടിയാണ് ഇരുവരും പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വേണ്ടെന്ന് വെച്ചത്.

Published by

ന്യൂദല്‍ഹി:പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ശ്രേയാ ഘോഷാലും അരിജിത് സിങ്ങും അനിരുദ്ധ് രവിചന്ദറും . ശ്രേയാ ഘോഷാലും അരിജിത് സിങ്ങും അവരവരുടെ സംഗീത പരിപാടികള്‍ റദ്ദാക്കി. അനിരുദ്ധ് രവിചന്ദര്‍ ആകട്ടെ തന്റെ ലോക ടൂറിനുള്ള ടിക്കറ്റ് വില്‍പന തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

ഗുജറാത്തിലെ സൂറത്തില്‍ നേരത്തെ നിശ്ചയിച്ച സംഗീതപരിപാടിയാണ് ശ്രേയ ഘോഷാല്‍ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്ന് വെച്ചത്. ചെന്നൈയിലെ പരിപാടിയാണ് അരിജിത് സിങ്ങ് റദ്ദാക്കിയത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിനെതിരെ സിനിമാമേഖലയില്‍ നിന്നുള്ള ഏതാണ്ട് എല്ലാ നടീനടന്മാരും പ്രതിഷേധിച്ചതിനൊപ്പം ഗായകരും രംഗത്തെത്തിയിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ള അരിജിത് സിങ്ങും ശ്രേയാ ഘോഷാലും നേരത്തെ കൊല്‍ക്കൊത്തയിലെ ആര്‍ ജി കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ഒരു ജൂനിയര്‍ ഡോക്ടറെ ആസൂത്രിതമായി ബലാത്സംഗം ചെയ്തുകൊന്ന കേസിലും ശക്തമായ രാഷ്‌ട്രീയ നിലപാടുകള്‍ എടുത്തിരുന്ന ഗായകരാണ്.

ഏപ്രില്‍ 26ന് ഗുജറാത്തിലെ സൂറത്തില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടിയാണ് ശ്രേയ ഘോഷാല്‍ റദ്ദാക്കിയത്. “ഈയിടെ നടന്ന ദുരന്തസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംഘാടകരും ഗായകരും സംയുക്തമായി പരിപാടി നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ടിക്കറ്റ് വാങ്ങിയവര്‍ക്ക് മുഴുവന്‍ തുകയും മടക്കിക്കൊടുക്കും. “-സംഘാടകര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഏപ്രില്‍ 27ന് ചെന്നൈയില്‍ നടക്കാനിരുന്ന സംഗീത പരിപാടിയാണ് അരിജിത് സിങ്ങ് റദ്ദാക്കിയത്. അനിരുദ്ധ് രവിചന്ദറാകട്ടെ തന്റെ വേള്‍ഡ് ടൂറിന്റെ ടിക്കറ്റ് വില്‍പന നിര്‍ത്തി വെച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക