കോഴിക്കോട് : ജില്ലയില്‍ താമസിക്കുന്ന പാകിസഥാന്‍ പൗരന്‍മാര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി പൊലീസ്. പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. ദീര്‍ഘകാല വിസയുണ്ടായിരുന്ന നാല് പേര്‍ക്കാണ് നോട്ടീസ്. കോഴിക്കോട് റൂറല്‍ പരിധിയില്‍ നാല് പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
2007മുതല്‍ കേരളത്തില്‍ സ്ഥിര താമസക്കാരനായ കൊയിലാണ്ടി സ്വദേശി
ഹംസയ്‌ക്കും നോട്ടീസ് നല്‍കി. 1965ല്‍ പാകിസ്ഥാനിലേക്ക് വ്യാപാര ആവശ്യങ്ങള്‍ക്ക് പോയിരുന്നു. പിന്നീട് അവിടെ തൊഴിലെടുത്തു.ബംഗ്ലാദേശ് വിഭജന സമയത്ത് ഹംസ പാക് പൗരത്വം സ്വീകരിച്ചു. തുടര്‍ന്ന് 2007ല്‍ ദീര്‍ഘകാല വിസയില്‍ ഇന്ത്യയിലെത്തി. കേരളത്തിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
നോട്ടീസ് നല്‍കിയ മറ്റ് മൂന്ന് പേരുടെ പേര് വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് രേഖകള്‍ സമര്‍പ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.മറ്റ് നടപടി ക്രമങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
പൊലീസ് കണക്ക് പ്രകാരം കേരളത്തില്‍ 104 പാകിസ്ഥാന്‍ പൗരരാണുള്ളത്. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്‌ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലാണ്. മെഡിക്കല്‍ വിസയിലെത്തിയവര്‍ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: