ന്യൂദല്‍ഹി: വഖഫ് നിയമ ഭേദഗതി വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലെ നിയന്ത്രണത്തിന് മാത്രമാണെന്നും മതപരമായ അവകാശങ്ങളെ അത് ബാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മൗലികാവകാശങ്ങളുടെ ലംഘനമാണ് വഖഫ് ഭേദഗതി നിയമമെന്ന വാദങ്ങള്‍ നിരാകരിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
സ്വത്തുനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് മാത്രമുള്ളതാണ് ഭേദഗതികളെന്നും അതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യങ്ങളെ ലംഘിക്കുന്ന ഒന്നല്ല വഖഫ് ഭേദഗതി നിയമം. നടപടിക്രമ പരിഷ്‌കാരങ്ങള്‍, ഭരണപരമായ ഘടന, മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളിലാണ് ഈ നിയമം ബാധകമാകുക.
വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഉണ്ടായ വാദങ്ങളിലും കേന്ദ്രം മറുപടി നല്‍കി.
ഉപയോഗത്തിലൂടെ വഖഫായ എന്ന ഭേദഗതി രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിലവിലുള്ള വഖഫ് ഭൂമികളെ ബാധിക്കില്ല. പ്രത്യേക ആധാരങ്ങള്‍ ഇല്ലാത്ത, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഖഫ് ഭൂമികളെ ഈ ഒഴിവാക്കല്‍ ബാധിക്കുമെന്നത് തെറ്റായ പ്രചാരണമാണ്. നിലവില്‍ ഉപയോഗത്തിലൂടെയുള്ള വഖഫ് ഭൂമികള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ട ആവശ്യമില്ല. അവ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നതാണ് ഏക വ്യവസ്ഥ. എന്നാല്‍, വഖഫ് ഭൂമികളുടെ രജിസ്ട്രേഷന്‍ ഒരു പുതിയ വ്യവസ്ഥയല്ല. 1923-ലെ മുസല്‍മാന്‍ വഖഫ് നിയമം പ്രാബല്യത്തില്‍ വന്നതു മുതല്‍ നൂറു വര്‍ഷങ്ങളായി ഈ വ്യവസ്ഥ നിലവിലുണ്ടായിരുന്നു. 1954-ലെയും 1995-ലെയും വഖഫ് നിയമങ്ങളിലും സമാനമായ വ്യവസ്ഥ ഉണ്ടായിരുന്നു, സത്യവാങ്മൂലത്തില്‍ പറയുന്നു.വഖഫ് ബോര്‍ഡ് ഒരു മതേതര സ്ഥാപനമാണെന്നും മുസ്ലിംകളുടെ പ്രതിനിധി സഭയല്ലെന്നും നിലപാടെടുക്കുന്ന കോടതിവിധികളും നിലവിലുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക