ന്യൂദല്‍ഹി: എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും മിനിമം താങ്ങുവില നല്കി വാങ്ങുമെന്ന് കേന്ദ്രകൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട അനുബന്ധ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ എല്ലാ ഉത്പന്നങ്ങളും മിനിമം താങ്ങുവിലയ്ക്ക് വാങ്ങുമെന്ന് ഉറപ്പുനല്‍കുന്നു.
ഇതാണ് മോദി സര്‍ക്കാരിന്റെ ഗ്യാരണ്ടി, മോദിയുടെ ഉറപ്പ് പാലിക്കാനുള്ള ഗ്യാരണ്ടിയെന്നും അദ്ദേഹം പറഞ്ഞു. എംഎസ്പി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ച ദിവസം തന്നെയാണ് മന്ത്രി ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍, എം.എസ്. സ്വാമിനാഥന് കമ്മിഷന് ശിപാര്‍ശകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് രേഖാമൂലം അറിയിച്ചത്. കോണ്‍ഗ്രസ് ഒരിക്കലും കര്‍ഷകരെ ആദരിച്ചിട്ടില്ല, ലാഭകരമായ വിലയ്ക്കുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിച്ചില്ല.
2019 മുതല്‍ കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം നല്കി മിനിമം താങ്ങുവില കണക്കാക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. നെല്ല്, ഗോതമ്പ്, സോയാബീന്‍ എന്നിവയ്ക്ക് മൂന്ന് വര്‍ഷമായി ഉത്പാദനച്ചെലവിന്റെ 50 ശതമാനത്തില്‍ അധികം നല്‍കിയാണ് വാങ്ങിയത്. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ലാഭകരമായ വില നല്‍കുകയാണ്, ശിവരാജ് സിങ് ചൗഹാന് ചൂണ്ടിക്കാട്ടി.
കര്‍ഷകരുമായി ഏത് വിഷയത്തിലും ചര്‍ച്ചയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്ന് കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രി ഭഗീരഥ് ചൗധരി പറഞ്ഞു. അവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ഞങ്ങള്‍ അവിടേക്ക് ചെല്ലണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബില്‍ നിന്ന് കര്‍ഷകര്‍ ആരംഭിച്ച ദല്‍ഹി ചലോ മാര്‍ച്ച് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ ഇന്നലെ പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുനീങ്ങിയവരെ അറസ്റ്റു ചെയ്തു നീക്കി. മാര്‍ച്ച് ഒരു ദിവസത്തേക്ക് നിര്‍ത്തുകയാണെന്നും ഞായറാഴ്ച പുനരാരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: