കശ്മീര്‍: 26 ടൂറിസ്റ്റുകളുടെ വെടിവെച്ച് കൊന്ന പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് തീവ്രവാദികളുടെ വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ത്തു. ലഷ്കര്‍ ഇ ത്വയിബ ലോക്കല്‍ കമാന്ററായ ആസിഫ് ഷേഖ്, മറ്റൊരു ലഷ്കര്‍ ഇ ത്വയിബ പ്രാദേശിക നേതാവ് ആദില്‍ ഹുസൈന് തൊക്കാര്‍ എന്നിവരുടെ വീടുകളാണ് സ്ഫോടനത്തില്‍ തകര്‍ന്നത്.
ആസിഫ് ഷേഖിന്റെ വീടിന് സമീപപ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. ഈ പ്രദേശത്ത് സംശയാസ്പദമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടു. ആസിഫ് ഷേഖിന്റെ വീടിനടുത്ത് എത്തിയപ്പോള്‍ അകത്ത് നിന്നും സംശയാസ്പദമായ ചില നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ദൂരേക്ക് മാറിയപ്പോള്‍ വീട് സ്ഫോടനത്തില്‍ തകരുകയായിരുന്നുവെന്ന് പറയുന്നു. സുരക്ഷാ സേന തകര്‍ത്തതാണെന്ന് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലുംആസിഫ് ഷേഖിന്റെ വീട്ടിനകത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിക്കപ്പെട്ടിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ഗ്രാമത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ആസിഫ് ഷേഖിനെ അവിടുത്തെ ജനങ്ങള്‍ തള്ളിപ്പറയുന്നത് കാണാന്‍ കഴിഞ്ഞു. ഇദ്ദേഹം രണ്ട് വര്‍ഷം മുന്‍പ് വീട് വിട്ടതാണെന്ന് പറയുന്നു. ഇയാള്‍ ഇടയ്ക്കിടെ പാകിസ്ഥാനില്‍ പോയി വരാറുള്ളതായും പറയുന്നു.
അനന്ത് നാഗിലെ ബിജ് ബെഹാരയിലെ ലഷ്കര്‍ ഇ ത്വയിബയുടെ നേതാവായ ആദില്‍ ഹുസൈന് തൊക്കാറിന്റെ വീടും തകര്‍ത്തു. ഇയാളും പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തിരുന്നു. 2018ല്‍ പാകിസ്ഥാനിലേക്ക് പോയ വ്യക്തിയാണ് ആദില്‍ ഹുസൈന് തൊക്കാര്‍. അവിടെ തീവ്രവാദ പരിശീലനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ തിരിച്ചെത്തിയ ആദില്‍ ഹുസൈന് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ വീടും സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ ഭാര്യയാണ് ആദില്‍ ഹുസൈനെ തിരിച്ചറിഞ്ഞത്.
അഞ്ച് മുതല്‍ ഏഴ് വരെ തീവ്രവാദികള്‍ പഹല്‍ഗാം ആക്രമണത്തിലുണ്ടായിരുന്നതായി പറയുന്നു. പാകിസ്ഥാനികളാണ് മറ്റ് മൂന്ന് പേര് എന്ന് കരുതുന്നു. ആസിഫ് ഫോജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത മറ്റ് മൂന്ന് പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: