മുംബയ് : രാജ്യം ഒറ്റക്കെട്ടായിരിക്കുക എന്നാല്‍ രാഷ്‌ട്രാത്മാവിനെ ഹൃദയത്തില്‍ സ്വീകരിക്കുക എന്നാണ് അര്‍ത്ഥമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ രാജ്യത്തോടും ചരിത്രത്തോടുമുള്ള കാഴ്ചപ്പാട് വ്യക്തമായിരിക്കണം. ആരാണ് ഈ രാജ്യം കെട്ടിപ്പടുത്തത്, ആരാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന് വ്യക്തമായി മനസിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകാത്മ മാനവദര്‍ശനവും അന്ത്യോദയയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അവതരിപ്പിച്ചതിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുംബയ് റുയിയ കോളജില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഏകാത്മ മാനവദര്‍ശന്‍ വജ്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രത്തിന്റെ തനിമയെക്കുറിച്ച് അവ്യക്തത പാടില്ല. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി. രാമന്റെ അസ്തിത്വത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എന്നെന്നേക്കുമായി ഉത്തരം ലഭിച്ചു. ജമ്മു കാശ്മീരില്‍ നടന്ന ഭീകരാക്രമണം ഭയാനകമാണ്. അതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണം. ഏത് മതത്തില്‍ പെട്ടയാളാണെന്ന് ചോദിച്ച് ഒരാളെ കൊലപ്പെടുത്തുന്നത് എത്രമാത്രം ഭീകരമാണ്. എന്നിട്ടും, രാജ്യത്ത് മതേതരത്വം പ്രസംഗിക്കുന്ന ചിലര്‍ രാഷ്‌ട്രീയലക്ഷ്യത്തോടെ തിരക്കിട്ടോടുകയാണ്.
ജനാധിപത്യത്തില്‍ ആരുടെയും ആഗ്രഹം പരമോന്നതമല്ല. എല്ലാവരുടെയും പൊതുവായ ആഗ്രഹം അംഗീകരിക്കപ്പെടണം. നമ്മുടെ വ്യക്തിപരമായ ആഗ്രഹങ്ങളെ അടിച്ചമര്‍ത്താതെ ഇത് സാധ്യമല്ല. ഗംഗ-യമുന സംസ്‌കാരത്തെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ ഗംഗയിലെത്തുമ്പോള്‍ യമുനയും ഗംഗയായി മാറുമെന്ന് മറക്കരുത്. ശീലഗുണമുള്ള ഒരു സമൂഹത്തിന് മാത്രമേ സംഘടിതമായി നിലനില്‍ക്കാന്‍ കഴിയൂ എന്ന് ദീനദയാല്‍ജി പറയാറുണ്ട്.
ചിലര്‍ വലിയ ധര്‍മ്മചിന്തയുള്ളവരാണ്. പക്ഷേ ഒന്നും പറയില്ല. മറ്റ് ചിലര്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരിക്കും. അങ്ങനെയുള്ളവരെ എല്ലാവരും ശ്രദ്ധിക്കും. അതുകൊണ്ട് അഭിപ്രായം പറയുക എന്നത് പ്രധാനമാണ്. സജ്ജനങ്ങള്‍ നിശബ്ദത പാലിക്കുന്നത് ഉചിതമല്ല. ജനാധിപത്യത്തില്‍ എല്ലാവരുടെയും അഭിപ്രായത്തിനാണ് പ്രാധാന്യം-സുനില്‍ ആംബേക്കര്‍ പറഞ്ഞു.
ശക്തിയിലും ബുദ്ധിയിലും സാങ്കേതികവിദ്യയിലും വിശ്വസിക്കുന്നവരുടെ നാടാണ് ഭാരതം. പുരാതനകാലം മുതല്‍ തന്നെ അങ്ങനെയാണ്. നമുക്ക് നേരത്തെ ശാസ്ത്രമില്ലായിരുന്നു എന്നൊക്കെയുള്ള തെറ്റായ മാനസികാവസ്ഥയില്‍ നിന്ന് പുറത്തുകടക്കുക തന്നെ വേണം. ലോകത്ത് പല രാജ്യങ്ങളിലും മതത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉയരുന്നു. ഭാരതം നാനാത്വത്തില്‍ ഏകത്വം ദൃശ്യമാകുന്ന രാജ്യമാണ്. നമ്മുടെ നാട് ലോകത്തിന് അതുല്യ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: