ന്യൂദൽഹി : ജമ്മു കശ്മീരിലെ പഹൽഗാമിൽ മതം ചോദിച്ച് പാകിസ്ഥാൻ തീവ്രവാദികൾ ഹിന്ദുക്കളെ കൊലപ്പെടുത്തിയതിന് ശേഷം എല്ലാ പാകിസ്ഥാനികളും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകിയിരുന്നു. ഇപ്പോൾ ഇതിന്റെ ഫലവും ദൃശ്യമായി തുടങ്ങിയിരിക്കുന്നു. ഇന്ന് അട്ടാരി, വാഗ അതിർത്തിയിലേക്ക് ധാരാളം പാകിസ്ഥാൻ പൗരന്മാർ എത്തിച്ചേരുന്നത് കാണാനായി.
ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് വാഗാ അതിർത്തിയിൽ ഇന്നു മുതൽ തിരക്ക് അനുഭവപ്പെടുമെന്നാണ്. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം ഇന്ത്യ മുമ്പ് നൽകിയിരുന്ന എല്ലാ സാധുവായ വിസകളും ഏപ്രിൽ 27 മുതൽ അസാധുവായി പ്രഖ്യാപിച്ചു.
എന്നാൽ പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന മെഡിക്കൽ വിസകൾ ഏപ്രിൽ 29 വരെ സാധുതയുള്ളതാണ്. നിലവിൽ ഇന്ത്യയിൽ ഉള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും അവരുടെ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം നിലവിൽ പാകിസ്ഥാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് അവരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നത്ര വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം വാഗാ അതിർത്തി അടച്ചതിനുശേഷം ഈ അതിർത്തിയിലൂടെ ഇന്ത്യയുടെ അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം സാധ്യമാകുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: