ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണയും ജലക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ വർഷവും നഗരം കഠിനമായ ജലക്ഷാമത്തിലൂടെയാണ് കടന്നു പോയത്. ഇതിനു സമാനമായ അവസ്ഥ തന്നെയാണ് ഈ വേനലിലും നഗരം നേരിടുന്നത്. നിലവിൽ തടാക സംഭരണശേഷിയുടെ 35 ശതമാനം മാത്രമേ ജലക്ഷാമം ബാധിക്കാതെയുള്ളൂ. ബാക്കിയുള്ളവ വേനലിന്റെ ആരംഭത്തില്‍ തന്നെ വറ്റിത്തുടങ്ങിയിരുന്നു. നഗരത്തിനും സമീപ പ്രദേശങ്ങളിലുമുള്ള ഏകദേശം 3 ലക്ഷം കുഴൽക്കിണറുകൾ വറ്റിവരണ്ടു. ബിബിഎംപി പരിപാലിക്കുന്ന 183 സജീവ തടാകങ്ങളിൽ 53 തടാകങ്ങൾ പൂർണമായും വറ്റിവരണ്ടു.
വേനലും ചൂടും തുടരുകയാണെങ്കിൽ ബാക്കിയുള്ള തടാകങ്ങളെയും ജലക്ഷാമം ഉടൻ ബാധിച്ചേക്കും. ബിബിഎംപിയുടെ തടാകങ്ങളിൽ ഈ സമയത്ത് 31,505.48 മില്യൺ ലിറ്റർ വെള്ളമാണ് കാണേണ്ടതെങ്കിലും ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 10,980.01 മില്യൺ ലിറ്റർ വെള്ളം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആർആർ നഗറിലെ 33 തടാകങ്ങളിൽ 12 എണ്ണവും ഇതിനോടകം വറ്റി. 3,032.31 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളിൽ ഇനി ബാക്കിയുള്ളത് 393.59 ലിറ്റർ വെള്ളം മാത്രമാണ്. ഉള്ളാൽ തടാകത്തിന് സമീപമുള്ള 150ൽ അധികം കുഴൽ കിണറുകളിൽ വെള്ളമില്ല.
ദസറഹള്ളിയിൽ 12 തടാകങ്ങളിൽ പകുതിയോളം വറ്റി. ബെംഗളൂരു ഈസ്റ്റ് സോണിലെ അഞ്ച് തടാകങ്ങളിൽ രണ്ടെണ്ണം ആണ് വറ്റിയത്. യെലഹങ്കയിൽ 27 തടാകങ്ങളിൽ 12 എണ്ണത്തിലും വെള്ളമില്ല. മഹാദേവപുര സോണിലെ 50 തടാകങ്ങളിൽ 19 എണ്ണവും വറ്റിക്കഴിഞ്ഞു. 9,493.35 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളിൽ ഇനി ബാക്കിയുള്ളത് 2,110.43 ലിറ്റർ വെള്ളം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: