കരുനാഗപ്പള്ളി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മാതാ അമൃതാനന്ദമയിദേവി. ധൈര്യം, വിനയം, സാര്‍വത്രിക സ്നേഹം എന്നീ മൂല്യങ്ങളാണ് അദ്ദേഹം ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചതെന്ന് അവര്‍ അനുസ്മരിച്ചു. വിഭജനത്തിന്റെ ലോകത്ത് ഐക്യത്തിനായി നിലകൊണ്ട വ്യക്തിത്വമാണ് പോപ്പിന്റേതെന്നും അവര്‍ വ്യക്തമാക്കി. അദ്ദേഹം പലര്‍ക്കും വഴികാട്ടിയായി. വിഭജനങ്ങളുടെ ലോകത്ത് ഐക്യത്തിനായി നിലകൊണ്ടു’- അമ്മ അനുസ്മരിച്ചു.
മനുഷ്യക്കടത്തും നിര്‍ബന്ധിത ജോലിയും ഉള്‍പ്പെടെയുള്ള ആധുനിക അടിമത്തത്തിനെതിരായ സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവെക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ 2014ല്‍ സന്ദര്‍ശിച്ചതും അനുസ്മരിച്ചു.
ആ കൂടിക്കാഴ്ച ഹൃദ്യവും പ്രചോദനാത്മകവുമാണെന്ന് അമ്മ വിശേഷിപ്പിച്ചു. അദ്ദേഹം എന്നെ തുറന്ന കൈകളാല്‍ സ്വീകരിച്ചു. ആ നിമിഷത്തെയും ഞങ്ങളുടെ കൂടിക്കാഴ്ചയെയും ഞാന്‍ വിലമതിക്കുന്നു. അദ്ദേഹത്തിന്റെ എളിമയും ഊഷ്മളതയും എന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. ആ വിലയേറിയ നിമിഷത്തില്‍ ഒന്നിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരു ആത്മാവിനെ, മാനവികത കുടുംബമായി സ്വീകരിച്ച ഒരു നേതാവിനെ ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നാം ദുഃഖിക്കുമ്പോഴും, അദ്ദേഹത്തിന്റെ ജീവിതം പിന്തുടരുകയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുകയും വേണം- അമ്മ വ്യക്തമാക്കി.
ഉള്‍ക്കൊള്ളാനാവുന്ന രീതിയില്‍ ക്രൈസ്തവ സന്ദേശത്തെ
അവതരിപ്പിച്ചു: മാര്‍ തറയില്‍
ചങ്ങനാശ്ശേരി: ക്രൈസ്തവ സന്ദേശത്തെ ലോകത്തിന് ഉള്‍ക്കൊള്ളാനാവുന്ന രീതിയില്‍ അവതരിപ്പിച്ചയാളാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയെന്ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയെ ഏറ്റവും ജനകീയമായി അവതരിപ്പിച്ച വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ.
വിശ്വാസം ക്ഷയിക്കുന്നു എന്നു കരുതുന്ന ഒരു കാലഘട്ടത്തില്‍ കത്തോലിക്കാ സഭയെ ഏറ്റവും പ്രസക്തമായി നിര്‍ത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. കൊവിഡ് കാലത്ത് അടഞ്ഞുകിടന്ന ലോകം പാപ്പായെ ശ്രവിച്ചു.
അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ അനേകര്‍ക്കു പ്രത്യാശ പകര്‍ന്നു. ഈശോയെ അറിഞ്ഞവരെല്ലാം ആനന്ദത്തോടെ ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സഭ എല്ലാവരുടേതുമാണ് എല്ലാവര്ക്കും വേണ്ടിയുള്ളതാണ് എന്ന് അദ്ദേഹം ചിന്തിച്ചിരുന്നു.
അരികുകളിലുള്ളവരിലേക്ക് സഭ കടന്നുചെല്ലണം എന്ന ശക്തമായ പ്രബോധനം അദ്ദേഹം നല്കി. എല്ലാവരെയും സ്വീകരിക്കാന്‍ ഒരു ക്രിസ്ത്യാനിക്ക് കടപ്പാടുണ്ട് എന്ന് അദ്ദേഹം പറയുമായിരുന്നു. വത്തിക്കാന്റെ പല വകുപ്പുകളുടെയും തലപ്പത്ത് വനിതകളെ നിയമിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തി.
ഈ കാലഘട്ടത്തിന് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. അദ്ദേഹത്തിന്റെ സംഭാവനകള്‍ ലോകത്തിന് എന്നും പ്രിയപ്പെട്ടതായിരിക്കും. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.
ലോക സമാധാനത്തിനും നിരായുധീകരണത്തിനും വേണ്ടി സംസാരിച്ച മനുഷ്യന്: കര്‍ദിനാള്‍ മാര്‍ കൂവക്കാട്
സ്വര്‍ഗയാത്രയുടെ തൊട്ടുതലേന്ന് തന്റെ അവസാന പൊതുദര്‍ശനത്തിലും ഫ്രാന്‍സിസ് പാപ്പ ലോകസമാധാനത്തിനും, നിരായുധീകരണത്തിനും വേണ്ടിയാണ് സംസാരിച്ചതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. ഗാസ, ലെബനന്, സിറിയ, യെമെന്‍, ഉക്രൈന്, കോംഗോ, സുഡാന് തുടങ്ങി യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും കൊടുമ്പിരികൊള്ളുന്ന ലോകരാജ്യങ്ങളോടും സമൂഹങ്ങളോടും സമാധാനത്തിലും സൗഹാര്‍ദത്തിലും സഹോദര്യത്തോടെ പുലരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
പരിശുദ്ധ പിതാവ് ബെനഡിക്ട് പാപ്പ സ്ഥാനത്യാഗം ചെയ്തതിനുശേഷം 2013 ല്‍ സ്ഥാനമേറ്റ ഫ്രാന്‍സിസ് പാപ്പ ദക്ഷിണ അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പ എന്ന നിലയിലും, അവശരോടും പാവപ്പെട്ടവരോടും കുടിയേറ്റക്കാരോടും പതിതരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക പരിഗണനയുടെ പേരിലും അറിയപ്പെട്ട വ്യക്തിയായിരുന്നു. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദൈവകാരുണ്യവും അവിടുത്തെ കരുതലും നല്‍കുകയും ചെയ്ത പ്രത്യാശയുടെ സൂര്യന് അസ്തമിച്ചു. വേദനിക്കുന്നവരിലും, രോഗികളിലും, കാരാഗൃഹവാസികളിലും, കുടിയേറ്റക്കാരിലും, പാവപ്പെട്ടവരിലും,ബലഹീനരിലും മറഞ്ഞിരിക്കുന്ന മിശിഹാസാന്നിധ്യത്തെ ശുശ്രൂഷിക്കുന്നത് അള്‍ത്താരയില്‍ അതിവിശുദ്ധമായി അര്‍പ്പിക്കുന്ന ബലിക്കുശേഷം ഓരോ ക്രിസ്ത്യാനിയും ജീവിതത്തില്‍ തുടരേണ്ട ബലിയെന്ന് പഠിപ്പിക്കുകയും ജീവിക്കുകയും ചെയ്ത വിശുദ്ധജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം പറയുകയും ജീവിക്കുകയും ചെയ്ത കാരുണ്യത്തിന്റെയും ഉപവിയുടെയും മാതൃക നമ്മുടെ ജീവിതത്തിലൂടെ നമുക്ക് പൂര്‍ത്തിയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: