ന്യൂദല്‍ഹി :മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ്. എത്തിയത് ഇന്ത്യക്കാരിയായ ഭാര്യയ്‌ക്കും മൂന്ന് മക്കള്‍ക്കും ഒപ്പം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 7 ലോക് കല്യാണ്‍ മാര്‍ഗിലായിരുന്നു വസതിയിലായിരുന്നു ഈ കൂടിക്കാഴ്ച.
ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരച്ചര്‍ച്ചയിലെ ആദ്യഘട്ടം വിജയകരമായി അവസാനിച്ചതിനെ ജെ.ഡി. വാന്‍സ് പ്രശംസിച്ചു. 2030ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 500 ലക്ഷം കോടി ഡോളര്‍ ആയി ഉയര്‍ത്തുക എന്നതാണ് ഇന്ത്യയുടെയും യുഎസിന്റെയും ലക്ഷ്യം. ചൈനയൊഴികെ വിവിധരാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവ ജൂലായ് വരെ നടപ്പാക്കേണ്ടെന്ന് ട്രംപ് തീരുമാനിച്ചതോടെ ആശങ്കകള്‍ തല്‍ക്കാലം നീങ്ങിയിരിക്കുകയാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. 2024ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 12900 കോടി ഡോളര്‍ ആയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ വിവിധ മേഖലകളിലെ പുരോഗതി ജെ.ഡി. വാന്‍സ് വിലയിരുത്തി. ഊര്‍ജ്ജം, പ്രതിരോധം, തന്ത്രപ്രധാന സാങ്കേതിക വിദ്യകള്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കണമെന്ന് ഇരുവരും തീരുമാനിച്ചു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ജെ.ഡി. വാന്‍സിനൊപ്പം ഭാര്യ ഉഷ വാന്‍സും മക്കളായ ഇവാന്‍, വിവേക്, മിറാബെല്‍ എന്നിവരും ഉണ്ടായിരുന്നു.
നാല് ദിവസത്തെ സന്ദര്‍ശനം
ജെ.ഡി. വാന്‍സിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദര്‍ശനം നാല് ദിവസം നീളും. തിങ്കളാഴ്ച അദ്ദേഹം അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പരമ്പരാഗത വേഷം ധരിച്ചാണ് അദ്ദേഹം എത്തിയത്. ക്ഷേത്രത്തിലെ ഡയറിയില്‍ അദ്ദേഹം വ്യക്തിപരമായ ഒരു കുറിപ്പെഴുതി. പിന്നീട് അദ്ദേഹം ജന്‍പഥ് എംപോറിയം സന്ദര്‍ശിച്ചു. അവിടെ നിന്നും അദ്ദേഹം ടീ ബാഗുകളും കരകൗശലപാത്രങ്ങളും വാങ്ങി.
നേരത്തെ വിമാനത്താവളത്തില്‍ കുടുംബസമേതം ഇറങ്ങിയ അദ്ദേഹത്തെ മന്ത്രി അശ്വിനി വൈഷ്ണവാണ് സ്വീകരിച്ചത്. ഐടിസി മൗര്യയിലാണ് ഇദ്ദേഹം കുടുംബസമേതം താമസിക്കുന്നത്.
ചൊവ്വാഴ്ച അദ്ദേഹം രാജസ്ഥാനിലെ ജയ്പൂര്‍ സന്ദര്‍ശിക്കും. ഇവിടെ അമേര്‍ കോട്ട ഉള്‍പ്പെടെ ചരിത്രസ്ഥലങ്ങള്‍ സന്ദര‍്ശിക്കും. അവിടെ രാജസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ അദ്ദേഹം ഒരു പ്രമുഖ സദസ്സിനെ അഭിസംബോധന ചെയ്യും. നയതന്ത്രപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയരൂപീകരണവിദഗ്ധര്‍ എന്നിവര്‍ കേള്‍വിക്കാരായെത്തും.
ബുധനാഴ്ച അദ്ദേഹം ആഗ്ര സന്ദര്‍ശിക്കും. അവിടെ താജ് മഹലും ശില്‍പഗ്രാമും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: