ന്യൂദല്‍ഹി: വലിച്ചെറിഞ്ഞാലും ചവിട്ടിക്കൂട്ടിയാലും പൊട്ടാത്ത ടാബ്‌ലെറ്റ് അവതരിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഭാരതത്തില്‍ രൂപകല്പന ചെയ്ത് നിര്‍മിച്ച, കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന ടാബ്ലെറ്റ് പരിശോധിക്കുന്ന വീഡിയോ തലക്കെട്ടോടെ കേന്ദ്രമന്ത്രി എക്‌സില്‍ പങ്കുവച്ചു. വിവിഡിഎന്‍ ടെക്‌നോളജീസിന്റെ നിര്‍മാണ യൂണിറ്റില്‍ നിന്നുള്ള വീഡിയോയില്‍ അശ്വിനി വൈഷ്ണവ് നിലത്തേക്ക് എറിഞ്ഞും, ഉയരത്തില്‍ നിന്ന് താഴെയിട്ടും അതിനു മുകളില്‍ കയറിനിന്നുമെല്ലാം ടാബ്‌ലെറ്റിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തി.
കൂടാതെ ഇന്ത്യാസ് എഐ സെര്‍വര്‍… അടിപൊളി അറ്റ് വിവിഡിഎന്‍ ടെക്‌നോളജീസ് എന്ന തലക്കെട്ടോടെ എഐ സെര്‍വര്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്കുവച്ചു. സമ്പൂര്‍ണ ഇലക്ട്രോണിക്‌സ് ഉത്പന്ന വികസനത്തില്‍ വൈദഗ്‌ദ്ധ്യം നേടിയ തദ്ദേശീയ കമ്പനിയാണ് വിവിഡിഎന്‍ ടെക്‌നോളജീസ്.
ആഗോള ഹാര്‍ഡ്വെയര്‍ നിര്‍മാണ കേന്ദ്രമായി മാറാനുള്ള ഭാരതത്തിന്റെ യാത്രയില്‍ ഒരു പ്രധാന പങ്കുവഹിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മെയ്‌ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ തദ്ദേശീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹനം നല്കുന്നുണ്ട്. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയും ഈ മുന്നേറ്റത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
















