ന്യൂഡൽഹി ; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ മഹാത്മാഗാന്ധിയെ കുറിച്ച് തെറ്റായ വിവരങ്ങൾ പങ്ക് വച്ചതായി പരാതി .ബിജെപി എംപി ലഹർ സിംഗ് സിറോയയാണ് ഗാന്ധിയെ പറ്റി തെറ്റായ വിവരങ്ങൾ പങ്ക് വച്ചതിൽ രാഹുലിനെ വിമർശിച്ചു രംഗത്തെത്തിയത് .
92 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ , മഹാത്മാഗാന്ധിയെയും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയും കുറിച്ചുള്ള കാര്യങ്ങൾ രാഹുൽ പങ്ക് വച്ചിരുന്നു . കൂടാതെ ഈ നീണ്ട അഭിമുഖത്തിൽ രാഷ്‌ട്രീയത്തിലെ തന്റെ യാത്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കൊളോണിയൽ ശക്തിക്കെതിരായ മഹാത്മാഗാന്ധിയുടെ പോരാട്ടത്തെ വിശദീകരിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞത് ഇങ്ങനെയാണ് “മഹാത്മാഗാന്ധിയെ യുകെയിൽ വെച്ച് ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു. അതിനുശേഷം, എന്റെ മുതുമുത്തച്ഛൻ നെഹ്‌റുവും അദ്ദേഹത്തിന്റെ ബന്ധുക്കളും പ്രതികാരം ചെയ്തു.” ബിജെപി എംപി ലഹർ സിംഗ് ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.
“മഹാത്മാഗാന്ധിയെ ഇംഗ്ലണ്ടിൽ ട്രെയിനിൽ നിന്ന് പുറത്താക്കിയ ഒരു സംഭവം പോലും ഉണ്ടായിട്ടില്ല. രാഹുൽ ഗാന്ധി തന്റെ മുതുമുത്തച്ഛൻ പണ്ഡിറ്റ് നെഹ്‌റുവിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നതിനാൽ ഞാൻ ഈ അഭിമുഖം താൽപ്പര്യത്തോടെയാണ് കണ്ടത്. എന്നാൽ, മഹാത്മാഗാന്ധിയെ ഇംഗ്ലണ്ടിൽ ട്രെയിനിൽ നിന്ന് പുറത്താക്കി എന്ന് അദ്ദേഹം (2 മിനിറ്റും 40 സെക്കൻഡും) പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി,” ലഹർ സിംഗ് പറയുന്നു.
“എന്റെ ഫോണിലാണ് ഞാൻ വീഡിയോ റെക്കോർഡ് ചെയ്തത്. രാഹുൽ ഗാന്ധി എഡിറ്റ് ചെയ്ത് ഈ തെറ്റ് മറച്ചുവെക്കാൻ ശ്രമിച്ചേക്കാം എന്നതിനാലാണ് ഞാൻ അത് റെക്കോർഡ് ചെയ്തത്. രാഹുൽ ഗാന്ധിയിൽ നിന്ന് ആരും ചരിത്രം പഠിക്കരുത്. അത്ര വിദ്യാഭ്യാസമില്ലാത്ത എന്നെപ്പോലുള്ള ഒരാൾക്ക് പോലും ഗാന്ധിയെ ദക്ഷിണാഫ്രിക്കയിൽ ട്രെയിനിൽ നിന്ന് പുറത്താക്കിയ കാര്യം അറിയാം. ബുദ്ധിമാനായ കോൺഗ്രസുകാരും സന്ദീപ് ദീക്ഷിതിനെപ്പോലുള്ള നല്ല വ്യക്തിയും പോലും നെഹ്‌റു കുടുംബത്തിലെ പിൻഗാമിയായ രാഹുൽ ഗാന്ധിയുടെ ഈ തെറ്റ് തിരിച്ചറിയാത്തത് ദുഃഖകരമാണ്,” ലഹർ സിംഗ് പരിഹസിച്ചു.
ദക്ഷിണാഫ്രിക്കയിലെ നടാലിൽ അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1893 ജൂൺ 7 ന് ഡർബനിൽ നിന്നുള്ള യാത്രയ്‌ക്കിടെ മഹാത്മാഗാന്ധിയെ ഫസ്റ്റ് ക്ലാസ് ട്രെയിനിലെ സീറ്റിൽ നിന്ന് പുറത്താക്കി.
ഗാന്ധിജിയെ അപമാനിച്ചതിന് പ്രതികാരം ചെയ്യാൻ തന്റെ മുതുമുത്തച്ഛൻ നെഹ്‌റുവും കസിൻസും അലഹബാദ് റെയിൽവേ സ്റ്റേഷനിൽ പോയി ചില ബ്രിട്ടീഷുകാരെ ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ നിന്ന് പുറത്താക്കിയതായി രാഹുൽ അഭിമുഖത്തിൽ പറയുന്നു. എന്നാൽ, 1893 ജൂണിൽ, ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയെ ട്രെയിനിൽ നിന്ന് പുറത്താക്കുമ്പോൾ നെഹ്‌റുജിക്ക് വെറും 4 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാല് വയസ്സുള്ള ഒരു കുട്ടി പ്രതിഷേധിക്കാൻ അലഹബാദ് റെയിൽവേ സ്റ്റേഷനിൽ പോയിരുന്നോ?” സിറോയ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: