പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയായി എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ വ്യഗ്രത കേസ് ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമെന്ന് ബിജെപി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരന്‍. പത്തനംതിട്ട മലയാലപ്പുഴയില്‍ നവീന്‍ ബാബുവിന്റെ വീട്ടില്‍ കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.
സംഭവത്തിനു പിന്നിലെ ഗൂഢാലോചന എന്തെന്ന് പുറംലോകം അറിയണം. ഇനി മറ്റൊരു ഉദ്യോഗസ്ഥനും ഈ ഗതി വരാന്‍ ഇടയാകരുത്. ഗൂഢാലോചനയില്‍ പ്രത്യക്ഷമായി പങ്കുണ്ട് എന്ന് പറയുന്ന പ്രശാന്ത്, ഡ്രൈവര്‍, മൃതദേഹം ആദ്യം കണ്ടയാള്‍ എന്നിവരെ ചോദ്യം ചെയ്യാത്തതു ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതില്‍ സിപിഎമ്മിലെ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ്, ജില്ലാ നേതാക്കളായ പി.ആര്‍. ഷാജി, ഗോപാലകൃഷ്ണന്‍ കര്‍ത്താ, നിതിന്‍ എസ്. ശിവ, ചിറ്റാര്‍ മണ്ഡലം പ്രസിഡന്റ് രഞ്ജിത് മലയാലപ്പുഴ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: