വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം. സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കുന്നത് തടയുകയാണ് പുതിയനീക്കം. വൈറ്റ് ഹൗസ് ഉത്തരവിട്ട പുതിയ നയമാറ്റങ്ങള്‍ അംഗീകരിക്കാന്‍ സര്‍വകലാശാല വിസമ്മതിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
സര്‍വകലാശാലയിലെ നിയമനങ്ങള്‍, വിദ്യാര്‍ത്ഥി പ്രവേശനം, അദ്ധ്യാപന രീതി എന്നിവയില്‍ മാറ്റം കൊണ്ടുവരണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. ഇത് കാമ്പസിലെ യഹൂദവിരുദ്ധത ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ നിര്‍ദേശം. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വിദേശ വിദ്യാര്‍ത്ഥി പ്രവേശനത്തിന് തടയിടാനുള്ള നീക്കം വൈറ്റ് ഹൗസ് ആരംഭിച്ചത്.
സര്‍വകലാശാല ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും യഹൂദ വിരുദ്ധതയ്‌ക്ക് മുന്നില്‍ മുട്ടുമടക്കുന്നുവെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ആരോപിച്ചു.
കൂടാതെ സര്‍വകലാശാലയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ നിയമവിരുദ്ധ- അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ വിവരങ്ങളും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് തയാറല്ലെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നല്കാന്‍ അനുവാദമുണ്ടാകില്ലെന്നും ക്രിസ്റ്റി നോം അയച്ച കത്തില്‍ പറയുന്നു. ഇതില്‍ സര്‍വകലാശാല പരസ്യമായി പ്രതികരിച്ചിട്ടില്ല
ഹാര്‍വാര്‍ഡിലെ വിദ്യാര്‍ത്ഥികളില്‍ 27 ശതമാനവും വിദേശങ്ങളില്‍ നിന്നുള്ളവരാണ്. സര്‍വകലാശാല അതിന്റെ സ്വാതന്ത്ര്യമോ ഭരണഘടനാപരമായ അവകാശങ്ങളോ ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലയ്‌ക്കുള്ള കോടിക്കണക്കിന് ഡോളറാണ് ട്രംപ് ഭാരണകൂടത്തിന്റെ പക്കല്‍ നിന്ന് ലഭിക്കാനുള്ളത്. കൂടാതെ 2.2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടിങ് നേരത്തെ മരവിപ്പിച്ചിരുന്നു. ഹാര്‍വാര്‍ഡിന്റെ നികുതിയിളവ് പദവി പിന്‍വലിക്കുമെന്നും ഭരണകൂടം ഭീഷണിപ്പെടുത്തി.
ഹാര്‍വാര്‍ഡിനെ മാന്യതയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി ഇനി കാണാന്‍ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ലോകത്തെ മഹത്തായ സര്‍വകലാശാലകളുടെ പട്ടികയില്‍ പരിഗണിക്കാനാവില്ല. ഹാര്‍വാര്‍ഡ് ഒരു തമാശയാണ്, വെറുപ്പും മണ്ടത്തരവും പഠിപ്പിക്കുന്നു, ഇനി ഫെഡറല്‍ ഫണ്ടുകള്‍ സ്വീകരിക്കരുതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് ശേഷം അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പാലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളുടെ പേരില്‍ സര്‍വകലാശാലകള്‍ക്കെതിരെ ട്രംപ് ഭരണകൂടം നടപടികള്‍ സ്വീകരിച്ചിരുന്നു. ജൂതവിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയെപ്പെട്ടെന്ന് ആരോപിച്ച് കൊളമ്പിയ സര്‍വകലാശാലയുടെ 400 മില്യണ്‍ ഡോളര്‍ ഫെഡറല്‍ ഫണ്ടിങ് ഭരണകൂടം പിന്‍വലിച്ചു. ഇതിന് പിന്നാലെ ഭരണകൂടത്തിന്റെ ആവശ്യങ്ങളെല്ലാം കൊളമ്പിയ സര്‍വകലാശാല അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: