തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആര്‍. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരില്‍നിന്നും മടങ്ങിയെത്തിയ ശേഷമാണ് മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ട് അംഗീകരിച്ചത്.
അനധികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസ് പ്രത്യേക യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ അജിത്കുമാർ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു. പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അതേസമയം, സ്വര്‍ണക്കടത്ത് കേസടക്കമുള്ള വിഷയങ്ങളില്‍ അജിത്കുമാറിനെതിരായുള്ള ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, എഡിജിപി പി. വിജയനെതിരായ വ്യാജമൊഴിയുടെ അടിസ്ഥാനത്തില്‍ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് രണ്ടുദിവസം മുമ്പ് സര്‍ക്കാരിന് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു.
ഡിജിപി ദര്‍വേഷ് സാഹിബിന്റെ സര്‍വീസ്‌കാലാവധി അടുത്തുതന്നെ അവസാനിക്കുമെന്നിരിക്കെ അടുത്ത ഡിജിപി ആരാകും എന്ന ചര്‍ച്ചകള്‍ സജീവമാണ്. ഈ ചര്‍ച്ചകളില്‍ അജിത്കുമാറിന്റെ പേരും ഉള്‍പ്പെടുന്നുണ്ട്. ഈ ഘട്ടത്തില്‍ ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നും അജിത്കുമാറിനെ സംരക്ഷിക്കുന്ന പ്രവര്‍ത്തികളാണ് ഉണ്ടാകുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: