Sports

മാഗ്നസ് കാള്‍സനെ തോല്‍പിച്ചു, താഷ്കെന്‍റ് കിരീടവും നേടി….വേഗചെസ്സിന്റെ ചെകുത്താനായ തൃശൂരിന്റെ നിഹാല്‍ സരിന്റെ റേറ്റിംഗില്‍ കുതിക്കുന്നു

രണ്ടാഴ്ചമുന്‍പാണ് ടൈറ്റില്‍ഡ് റ്റ്യൂസ് ഡേ എന്ന ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണ്ണമെന്‍റില്‍ അജയ്യനായ മാഗ്നസ് കാള്‍സനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി തൃശൂരിന്‍റെ നിഹാല്‍ സരിന്‍ എന്ന ഗ്രാന്‍റ് മാസ്റ്റര്‍ രണ്ടാം സ്ഥാനം നേടിയത്. അതിന് പിന്നാലെ നിഹാല്‍ സരിന്‍ താഷ്കെന്‍റ് ഓപ്പണ്‍ ചെസില്‍ 10ല്‍ എട്ട് പോയിന്‍റോടെ കിരീടവും നേടി. ഈ ഏപ്രിലില്‍ 21 വയസ്സ് തികഞ്ഞ, 'വേഗചെസ്സിന്‍റെ ചെകുത്താന്‍' എന്ന് അറിയപ്പെടുന്ന തൃശൂരിന്‍റെ നിഹാല്‍ സരിന്‍റെ റേറ്റിംഗ് 2600ല്‍ നിന്നും 2687ലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ന്യൂദല്‍ഹി: രണ്ടാഴ്ചമുന്‍പാണ് ടൈറ്റില്‍ഡ് റ്റ്യൂസ് ഡേ എന്ന ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണ്ണമെന്‍റില്‍ അജയ്യനായ മാഗ്നസ് കാള്‍സനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി തൃശൂരിന്റെ നിഹാല്‍ സരിന്‍ എന്ന ഗ്രാന്‍റ് മാസ്റ്റര്‍ രണ്ടാം സ്ഥാനം നേടിയത്. അതിന് പിന്നാലെ നിഹാല്‍ സരിന്‍ താഷ്കെന്‍റ് ഓപ്പണ്‍ ചെസില്‍ 10ല്‍ എട്ട് പോയിന്‍റോടെ കിരീടവും നേടി. ഈ ഏപ്രിലില്‍ 21 വയസ്സ് തികഞ്ഞ, ‘വേഗചെസ്സിന്റെ ചെകുത്താന്‍’ എന്ന് അറിയപ്പെടുന്ന തൃശൂരിന്റെ നിഹാല്‍ സരിന്റെ റേറ്റിംഗ് 2600ല്‍ നിന്നും 2687ലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

റാങ്കിങ്ങില്‍ പിന്നിലേക്ക് പോയത് സ്പീഡ് ചെസ്സിലെ താല്‍പര്യം മൂലം

2019ല്‍ 2600 എന്ന റാങ്കിംഗ് ഉണ്ടായിരുന്ന നിഹാല്‍ സരിന്‍ എന്ന തൃശൂരില്‍ നിന്നുള്ള താരത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് പൊടുന്നനെയാണ് നിലച്ചത്. ഇതിന് രണ്ടായിരുന്നു കാരണങ്ങള്‍. ഒന്ന് ക്ലാസിക്കല്‍ ചെസ്സിനേക്കാള്‍ സ്പീഡിലുള്ള ചെസ് ഗെയിമുകളോടുള്ള നിഹാല്‍ സരിന്റെ പ്രേമം. അതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തില്‍ അതിവേഗം കരുക്കള്‍ നീക്കേണ്ട ബ്ലിറ്റ്സ് ചെസിലേക്കും ബുള്ളറ്റ് ചെസ്സിലേക്കുമായി നിഹാല്‍ സരിന്റെ ശ്രദ്ധ. പക്ഷെ 2019 കാലത്ത് പ്രജ്ഞാനന്ദ, ഡി.ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ക്കൊപ്പം തലയെടുപ്പോടെ നിന്ന നിഹാല്‍ സരിന്റെ റാങ്കിംഗ് 2600ല്‍ തന്നെ നിലച്ചപ്പോള്‍ അര്‍ജുന‍് എരിഗെയ്സി 2800 എന്ന ഇഎല്‍ഒ റേറ്റിംഗിലേക്കും ഗുകേഷും പ്രജ്ഞാനന്ദയും 2700ന് മുകളിലേക്കും കുതിച്ചു. ഡി.ഗുകേഷ് ഇതിനിടെ ലോകചാമ്പ്യനായി. പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ലോക ചെസില്‍ വലിയ പേര് നേടി. നിഹാല്‍ സരിന്റെ ഫിഡെ ലോകറാങ്കിംഗ് ഇപ്പോഴും 40ല്‍ നില്‍ക്കുകയാണ്. ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും പ്രജ്ഞാനന്ദയും ലോകറാങ്കിങ്ങില്‍ മൂന്നും നാലും ഏഴും സ്ഥാനത്ത് നില്‍ക്കുമ്പോഴാണിത് എന്നോര്‍ക്കണം.വിശ്വനാഥന്‍ ആനന്ദ് 15ാം റാങ്കിലും അരവിന്ദ് ചിതംബരം 11ാം റാങ്കിങ്ങിലും വിദിത് ഗുജറാത്തി 25ാം റാങ്കിലും പെന്‍റല ഹരികൃഷ്ണ 29ാം റാങ്കിലും ആണെന്നോര്‍ക്കണം. ഇന്ത്യന്‍ ചെസ് താരങ്ങളില്‍ എട്ടാം സ്ഥാനക്കാരന്‍ മാത്രമാണ് നിഹാല്‍ സരിന്‍. എന്തായാലും പുതിയ വിജയങ്ങളുടെ ഊര്‍ജ്ജത്തില്‍ മുകളിലേക്ക് കുതിക്കുകയാണ് നിഹാല്‍ സരിന്‍.

2018ന് ശേഷമുള്ള നാല് വര്‍ഷങ്ങളില്‍ നിഹാല്‍ സരിന്‍ ക്ലാസിക്കല്‍ ചെസ്സില്‍ വല്ലാതെ പിന്നിലായി. ഈ കാലഘട്ടത്തില്‍ ഗുകേഷ്, പ്രജ്ഞാനന്ദ അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ ക്ലാസിക്കല്‍ ചെസ്സില്‍ കുതിച്ചു. ഈ നാല് വര്‍ഷങ്ങളില്‍ പ്രജ്ഞാനന്ദ ഇഎല്‍ഒ റേറ്റിംഗില്‍ 243 പോയിന്‍റും അര്‍ജുന്‍ എരിഗെയ്സി 391 പോയിന്‍റും ഗുകേഷ് 433 പോയിന്‍റും വാരിക്കൂട്ടി. ഇക്കാലയളവില്‍ നിഹാല്‍ സരിന് വെറും 155 പോയിന്‍റ് മാത്രം.

റാങ്കിംഗ് അധികമുള്ള കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്‍റുകളിലേക്ക് നിഹാല്‍ സരിന് ക്ഷണം ലഭിക്കുന്നില്ല. കാരണം ഡി.ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം, വിദിത് ഗുജറാത്തി, പെന്‍റല ഹരികൃഷ്ണ, വിശ്വനാഥന്‍ ആനന്ദ് എന്നിവര്‍ ഉള്ളപ്പോള്‍ അതിനേക്കാല്‍ പിന്നില്‍ ഉള്ള നിഹാല്‍ സരിന് ക്ഷണം കിട്ടുക വിരളം. ഇത്തരം ടൂര്‍ണ്ണമെന്‍റുകളില്‍ വിജയിച്ചാലേ റേറ്റിംഗും അതുവഴി റാങ്കിംഗും ഉയരുകയുള്ളൂ.

ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിഹാല്‍ സരിന്‍

ഇപ്പോഴിതാ ചെസ് പ്രേമികളുടെ മറവികളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് നിഹാല്‍ സരിന്‍. 2022 ടാറ്റാ റാപിഡില്‍ ചാമ്പ്യനായിരുന്നു നിഹാല്‍ സരിന്‍. അന്ന് വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി, ഡി. ഗുകേഷ് എന്നിവരെ പിന്തള്ളിയാണ് നിഹാല്‍ സരിന്‍ ചാമ്പ്യനായത്. പിന്നീട് ഈ പേരിന്റെ ശോഭ മെല്ലെ കെട്ടുപോയി. പകരം പ്രജ്ഞാനന്ദ, ഗുകേഷ്, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി എന്നീ പേരുകള്‍ ഉയര്‍ന്നു വന്നു. റാപിഡ്, ബ്ലിറ്റ്സ്, ബുള്ളറ്റ് തുടങ്ങിയ വേഗതയുള്ള ചെസ് ഗെയിമില്‍ കൂടുതല്‍ താല്പര്യം കാട്ടുന്ന നിഹാല്‍ സരിന്‍ മെല്ലെ ക്ലാസിക്കല്‍ ഗെയിമുകളിലേക്ക് നീങ്ങുകയാണ്.

തൃശൂരില്‍ ഡോക്ടര്‍ ദമ്പതികളായ ഡോ. എ. സരിന്റെയും ഡോ. ഷിജിൻ എ. ഉമ്മറിന്റെയും മൂത്ത മകനാണ് നിഹാല്‍ സരിന്‍. ആറാം വയസ്സിലാണ് നിഹാൽ ചെസ്സ് കളിക്കാൻ പഠിക്കുന്നത്. വേനൽ അവധിക്കാലത്ത് അച്ഛൻ ഡോ.സരിനാണ് നിഹാലിന് ചെസ് ബോർഡ് വാങ്ങി കൊടുത്തത്. ചെസ്സ് കളിക്കാൻ പ്രേരണയും പ്രചോദനവും ആയത് നിഹാലിന്റെ മുത്തച്ഛനായ ഉമ്മർ ആണ്. കളിയ്‌ക്കാൻ കൂട്ടുകാരില്ലാതെ വീട്ടിൽ ഒറ്റപ്പെട്ടുപോയ നിഹാലിന് അദ്ദേഹം കളിക്കൂട്ടുകാരനായി. അദ്ദേഹത്തിന്റെ നിരന്തരമായ പ്രോത്സാഹനമാണ് ഇന്നത്തെ നിഹാലിലേയ്‌ക്ക് വളരാൻ സഹായകമായത്. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയരായ മാഗ്നസ് കാൾസൺ, അനറ്റോളി കാർപോവ് എന്നിവരെ മത്സരത്തിൽ തോൽപ്പിക്കാനും വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയ്‌ക്കാനും നിഹാലിനു കഴിഞ്ഞിട്ടുണ്ട്.

നാളത്തെ സ്പീഡ് ചെസ്സിന്റെ രാജകുമാരന്‍

എന്തായാലും ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് ഇന്‍റര്‍നെറ്റ് ചെസ് സെര്‍വറായ ലിചെസ് എന്ന സംഘടന നല്‍കുന്ന റേറ്റിംഗില്‍ മറ്റ് ഇന്ത്യന്‍ കളിക്കാരെ അപേക്ഷിച്ച് നിഹാല്‍ സരിന് ഉയര്‍ന്ന റേറ്റിംഗ് ആണ് ഉള്ളത്.-3470 ആണ് ഈ റേറ്റിംഗ്. ഓണ്‍ലൈന്‍ ചെസില്‍ ഈ റേറ്റിംഗ് അപാരമാണ്. ചെസ് ഡോട്ട് കോം എന്ന ലോകപ്രശസ്ത ഓണ്‍ലൈന്‍ ചെസ് പ്ലാറ്റ് ഫോമില്‍ നിഹാല്‍ സരിന്റെ 53000 ഗെയിമുകള്‍ ലഭ്യമാണ്. ഇത്രയ്‌ക്കധികം ചെസ് ഗെയിമുകള്‍ മറ്റൊരു ഇന്ത്യക്കാരനും കളിച്ചിട്ടില്ല. എന്തായാലും സ്പീഡ് ചെസില്‍ ലോകത്തിന്റെ താല്‍പര്യം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ ഐപിഎല്‍ ക്രിക്കറ്റ് പോലെ. ഒരു കാര്യം ഉറപ്പാണ് നാളത്തെ ചെസ്സിലെ രാജകുമാരന്‍ ഈ തൃശൂര്‍ക്കാരന്‍ പയ്യനായിരിക്കും.

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക