ന്യൂദൽഹി : തലയിൽ നിന്ന് കൈ വളർന്ന മൂന്ന് വയസുകാരിയ്‌ക്ക് എയിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ . ഭോപ്പാൽ അശോക് നഗർ സ്വദേശിയായ പെൺകുട്ടിയെയാണ് ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സങ്കീർണ്ണ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയത്.
കഴുത്തിന്റെ പിൻഭാഗത്ത് മാംസളമായ മുഴയുമായാണ് കുട്ടി ജനിച്ചത് . കുട്ടി വളരുന്തോറും ഈ ശരീരഭാഗവും വളരാൻ തുടങ്ങി. ഇതിന്റെ ചികിത്സയ്‌ക്കായി കുട്ടിയെ ഭോപ്പാൽ എയിംസിലെ ന്യൂറോ സർജറി വിഭാഗത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ തലയോട്ടിയിലും സുഷുമ്‌നാ നാഡിയിലും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു ശരീരഭാഗവും പെൽവിക് അസ്ഥികളും ഉള്ളതായി കണ്ടെത്തി. അവ തലച്ചോറിന്റെ വളരെ സൂക്ഷ്മമായ ഭാഗമായ ബ്രെയിൻ സ്റ്റെമിൽ പറ്റിപ്പിടിച്ചിരുന്നു. ഇരട്ടകളായി ജനിച്ച കുഞ്ഞുങ്ങളിൽ ഒരാളുടെ ശരീരഭാഗമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് ഡോക്ടർമാർ കുട്ടിക്ക് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ഇൻട്രാപ് ന്യൂറോ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡോക്ടർമാരുടെ ഒരു സംഘം, 7 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ പെൺകുട്ടിയുടെ തലച്ചോറിലും കഴുത്തിലും ചേർന്ന് വളർന്ന ശരീരഭാഗത്തെ വേർപെടുത്തി.കേസിന്റെ സങ്കീർണ്ണത കണക്കിലെടുത്ത്, വിവിധ വകുപ്പുകളിൽ നിന്നുള്ള ഡോക്ടർമാരുടെ ഒരു സംഘം രൂപീകരിച്ചു. റേഡിയോളജി വിഭാഗത്തിൽ നിന്നുള്ള ഡോ. രാധ ഗുപ്ത, ഡോ. അങ്കുർ, പീഡിയാട്രിക് സർജറി വിഭാഗത്തിൽ നിന്നുള്ള ഡോ. റിയാസ് അഹമ്മദ്, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ നിന്നുള്ള ഡോ. വേദ് പ്രകാശ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ശസ്ത്രക്രിയ വിജയകരമാണെന്നും , കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നതായും ഡോക്ടർമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: