Kerala

മലപ്പുറത്ത് ഒന്നര വർഷം മുൻപ് വിവാഹിതയായ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി, പിഞ്ചുകുഞ്ഞുമായി പരാതിനൽകി യുവതി

Published by

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്. ഇതിനിടെ യുവതി ഗർഭിണിയായി.

തുടർന്ന്, ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവ് വിളിക്കുകയോ ബന്ധപ്പെടുകയോ ഒന്നും ചെയ്തില്ലെന്നാണ് യുവതി ആരോപിക്കുന്നത്. ഗര്‍ഭിണിയായിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

അപ്പോഴും ഭര്‍ത്താവോ കുടുംബമോ യുവതിയുമായി ബന്ധപ്പെട്ടില്ല. മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫോണിലൂടെ വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. ഇയാള്‍ക്കെതിരെ യുവതി വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മുത്തലാഖ് നിരോധനം നിലവിലുളള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by