പട്ന : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൈമാറിയത് കേന്ദ്രസർക്കാരിന്റെ വലിയ നേട്ടമായി വിലയിരുത്തി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. പട്നയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇത് സ്വാഗതാർഹമായ നടപടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പുതിയ ഇന്ത്യയാണിത്.” – തരുൺ ചുഗ് പറഞ്ഞു.
അതേ സമയം യുഎസ് ഇന്ത്യയിലേക്ക് കൈമാറിയ റാണയെ എൻഐഎ കസ്റ്റഡിയിലെടുത്തു. 174-ലധികം പേരുടെ മരണത്തിന് കാരണമായ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദ ഗ്രൂപ്പിന് സഹായം നൽകിയതിന് യുഎസിൽ ശിക്ഷിക്കപ്പെട്ട പാകിസ്ഥാൻ-കനേഡിയൻ പൗരനാണ് തഹാവൂർ റാണ.
ഇന്ത്യൻ സർക്കാർ വർഷങ്ങളായി ഇയാളെ വിചാരണയ്ക്ക് കിട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് യുഎസ് സുപ്രീം കോടതിയുടെ സമീപകാല വിധി ഇയാളെ ഇന്ത്യയിലേക്ക് മാറ്റുന്നതിന് വഴിയൊരുക്കി.
പാക് വംശജനായ കനേഡിയന്‍ പൗരന് തഹാവൂര്‍ റാണയെ ലോജ് ഏഞ്ചല്‍സില്‍ നിന്നാണ് കേന്ദ്രഏജന്‍സികള്‍ ഏറ്റെടുത്ത് ഇന്ത്യയിലെത്തിച്ചത്. യുഎസ് ഫെഡറല്‍ ബ്യൂറോ പ്രിസണില്‍ കഴിഞ്ഞ റാണയെ മോദി-ട്രംപ് ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് വിട്ടു നല്‍കിയത്.
2008-ലെ മുംബൈ ഭീകരാക്രമണത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് റാണയുടെ നാടുകടത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: