World

യുഎസ്-ചൈന ചുങ്കപ്പോര് മുറുകുന്നു; ചൈനയ്‌ക്ക് മേല്‍ ഏര്‍പ്പെടുത്തിയത് 104 ശതമാനം തീരുവ; യുഎസിന് മേല്‍ 84 ശതമാനം തീരുവ ചുമത്തി ചൈന

ലോകം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നതിന്‍റെ സൂചന നല്‍കി, യുഎസും ചൈനയും തമ്മിലുള്ള വ്യാപാരപ്പോര് മുറുകി. ചൈനയ്ക്ക് മേല്‍ 104 ശതമാനം തീരുവ ചുമത്തി കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപ്. പകരമായി ചൈന യുഎസിന് മേല്‍ 84 ശതമാനം തീരുവ ചുമത്തി.

Published by

വാഷിംഗ്ടണ്‍: ലോകം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചന നല്‍കി, യുഎസും ചൈനയും തമ്മിലുള്ള വ്യാപാരപ്പോര് മുറുകി. ചൈനയ്‌ക്ക് മേല്‍ 104 ശതമാനം തീരുവ ചുമത്തി കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപ്. പകരമായി ചൈന യുഎസിന് മേല്‍ 84 ശതമാനം തീരുവ ചുമത്തി.

ട്രംപുമായി ചര്‍ച്ചയ്‌ക്കില്ലെന്നും അവസാനം വരെയും സമരം ചെയ്യുമെന്നുമുള്ള കടുത്തനിലപാടിലാണ് ചൈനയും. ട്രംപും കടുംപിടുത്ത നിലപാട് തുടരുന്നതോടെ ചുങ്കപ്പോര് ലോകവിപണിയെതന്നെ സ്തംഭിപ്പിക്കുന്ന സ്ഥിതിയിലേക്ക് കൊണ്ടുപോവുകയാണ്.ഇനിയും യുഎസ് ചൈനയ്‌ക്ക് മേല്‍ കൂടുതല്‍ വ്യാപാര, സാമ്പത്തിക നിയന്ത്രണങ്ങള്‍ ചുമത്തിയാല്‍ ചൈന ആവശ്യമായ ബദല്‍നടപടികള്‍ സ്വീകരിക്കുമെന്നും അവസാനം വരെ യുദ്ധം ചെയ്യുമെന്നുമാണ് ചൈനയുടെ വാണിജ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നത്. യുഎസ് വ്യാപാരനിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ചൈനയ്‌ക്കെതിരെ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുന്നതായി വിശദീകരിച്ച് ചൈന ലോകവ്യാപാരസംഘടനയില്‍( ഡബ്ള്യു ടി ഒ) പരാതി നല്‍കിയിട്ടുണ്ട്.

അതേ സമയം തീരുവ കൂട്ടിയ നടപടി അമേരിക്കയുടെ പുരോഗതിക്ക് മുതല്‍ക്കൂട്ടാകുമെന്ന് ട്രംപ് പറഞ്ഞു. ചൈന യുഎസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ എത്രയോ കാലമായി ഉയര്‍ന്ന തീരുവയാണ് ചുമത്തിവരുന്നതെന്നും അതിനാല്‍ അന്യോന്യവ്യാപാരത്തില്‍ നിലനിന്നിരുന്ന പൊരുത്തക്കേട് പരിഹരിക്കാനാണ് ചൈനയ്‌ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തിയതെന്നുമാണ് ട്രംപിന്റെ ന്യായീകരണം. ചൈനയില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസില്‍ നിന്നും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്ക് തീരെ കുറവാണെന്നും ട്രംപ് വാദിക്കുന്നു.അതിനാല്‍ ചൈനയുമായി ഒരു വ്യാപാരകമ്മി നിലനില്‍ക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും ട്രംപ് പറയുന്നു.

ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം ഏപ്രില്‍ 9 ബുധനാഴ്ച മുതല്‍ നിലവില്‍ വരും. അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ ഇത് ലോകത്താകമാനം ചരക്കുകളുടെ നീക്കം സ്തംഭിപ്പിക്കുമെന്ന് കരുതുന്നു. ചൈനയുമായുള്ള വ്യാപാരയുദ്ധം മുറുകിയതോടെ ചൊവ്വാഴ്ച വീണ്ടും അമേരിക്കന്‍ ഓഹരി വിപണികള്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈന ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ 50 ശതമാനം കൂടി വര്‍ധിപ്പിച്ച് ട്രംപ് 104 ശതമാനമാക്കി ഉയര്‍ത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ചൈന 34 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പ്രതികാരമെന്നോണമാണ് ട്രംപ് വീണ്ടും ചൈനയ്‌ക്കെതിരായ തീരുവ ഉയര്‍ത്തിയത്. 2024ല്‍ ചൈനയില്‍ നിന്നും യുഎസിലേക്ക് എത്തിയത് 44000 കോടി ഡോളറിന്റെ ചരക്കാണെങ്കില്‍ യുഎസില്‍ നിന്നും ചൈനയിലേക്ക് എത്തിയത് വെറും 14500 കോടി ഡോളറിന്റെ ചരക്ക് മാത്രമാണ്. അതായത് യുഎസില്‍ നിന്നും ചൈനയിലേക്ക് പോകുന്ന ചരക്കിന്റെ മൂന്നിരട്ടിയാണ് ചൈനയില്‍ നിന്നും യുഎസിലേക്ക് എത്തുന്നത് എന്നര്‍ത്ഥം. ഇത് പരിഹരിക്കുകയാണ് ചൈനയ്‌ക്കെതിരെ വ്യാപാരത്തീരുവ കൂട്ടിയതിന്റെ പിന്നിലെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

വിട്ടുകൊടുക്കാന്‍ ചൈനയും തയ്യാറല്ല. യുഎസിനെതിരെ 50 ശതമാനം കൂടി അധികതീരുവ ചേര്‍ത്ത്, യുഎസില്‍ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 84 ശതമാനമാണ് ചൈന തീരുവ ഏര്‍പ്പെടുത്തിയത്. ഇതോടെ ചൈനയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധം വലിയ പ്രതിസന്ധിയിലേക്ക് ലോകത്തെ തള്ളിവിടുമെന്നുറപ്പായി.

ഈ വ്യാപാര യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസ് മുന്നറിയിപ്പ് നല്‍കി. .തീരുമാനം പിന്‍വലിക്കണമെന്ന് ട്രംപിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by