ന്യൂദൽഹി : വഖഫ് നിയമനിർമ്മാണത്തെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പുതുക്കിയ നിയമം രാജ്യത്തെ എല്ലാവർക്കും പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവർക്ക് അന്തസ്സ് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂസ് 18 ചാനലിന്റെ റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വഖഫ് ഭേദഗതി നിയമം ഇപ്പോൾ മുസ്ലീം സമൂഹം ഉൾപ്പെടെ എല്ലാ സമുദായങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും വഖഫിന്റെ പവിത്രത ഇപ്പോൾ സംരക്ഷിക്കപ്പെടുമെന്നും പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ച ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ചർച്ചയായിരുന്നുവെന്നും ഇരുസഭകളിലുമായി 16 മണിക്കൂർ ചർച്ച നടന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.
സംയുക്ത പാർലമെന്ററി കമ്മിറ്റി 38 മീറ്റിംഗുകൾ നടത്തുകയും 128 മണിക്കൂർ ചർച്ചയിൽ ഏർപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്തുടനീളം ഒരു കോടിയോളം ഓൺലൈൻ നിർദ്ദേശങ്ങൾ ലഭിച്ചു. ഇന്ത്യയിലെ ജനാധിപത്യം ഇനി പാർലമെന്റിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല, മറിച്ച് പൊതുജനപങ്കാളിത്തത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രീണന രാഷ്‌ട്രീയം ഇന്ത്യയുടെ വളർച്ചയ്‌ക്ക് ഒരു പ്രധാന വെല്ലുവിളിയാണെന്ന് മോദി പറഞ്ഞു. വഖഫിനെ ചുറ്റിപ്പറ്റിയുള്ള ചർച്ച പ്രീണന രാഷ്‌ട്രീയത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്നും അത് ഒരു പുതിയ പ്രതിഭാസമല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് തന്നെ പ്രീണനത്തിന്റെ വിത്തുകൾ വിതയ്‌ക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം നേടിയ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യം നേടുന്നതിന് ഇന്ത്യ എന്തുകൊണ്ടാണ് വിഭജനത്തെ അഭിമുഖീകരിക്കേണ്ടി വന്നതെന്ന് അദ്ദേഹം ചോദിച്ചു. അക്കാലത്ത് ദേശീയ താൽപ്പര്യത്തേക്കാൾ അധികാരത്തിന് മുൻഗണന നൽകിയതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേക രാഷ്‌ട്രം എന്ന ആശയം സാധാരണ മുസ്ലീം കുടുംബങ്ങളുടെ അഭിലാഷങ്ങളിൽ വേരൂന്നിയതല്ല, മറിച്ച് അധികാരത്തിനായുള്ള ഏക അവകാശവാദം നേടിയെടുക്കുന്നതിനായി ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ ഏതാനും തീവ്രവാദികളാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രീണന രാഷ്‌ട്രീയത്തിലൂടെയാണ് കോൺഗ്രസ് അധികാരം നേടിയതെന്നും ചില തീവ്രവാദ നേതാക്കൾ സമ്പത്ത് സമ്പാദിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ സാധാരണ മുസ്ലീങ്ങൾക്ക് പകരമായി എന്താണ് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ മുസ്ലീങ്ങൾക്ക് അവഗണന, നിരക്ഷരത, തൊഴിലില്ലായ്മ എന്നിവ അവശേഷിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുകാണിച്ചു. ഭരണഘടനാപരമായ അവകാശങ്ങൾ പ്രീണനത്തിനായി ബലികഴിക്കപ്പെട്ടു. ഷാ ബാനു കേസ് ഉദ്ധരിച്ച് മുസ്ലീം സ്ത്രീകൾ അനീതി നേരിടുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീകളെ നിശബ്ദരാക്കുകയും ചോദ്യം ചെയ്യാതിരിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനു പുറമെ ഇന്ത്യയിലെ സാമൂഹിക നീതിയുടെ കാതലായ ആശയത്തിന് അടിസ്ഥാനപരമായി വിരുദ്ധമാണ് പ്രീണന രാഷ്‌ട്രീയം. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനുള്ള ഒരു ഉപകരണമായി ഇത് ഉപയോഗിക്കുന്നതിനെ ചില പാർട്ടികളെ അദ്ദേഹം വിമർശിച്ചു. 2013-ൽ വഖഫ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി തീവ്രവാദികളെയും ഭൂമാഫിയകളെയും പ്രീണിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭരണഘടനയ്‌ക്ക് മുകളിലാണെന്ന മിഥ്യാധാരണ ഈ ഭേദഗതി സൃഷ്ടിച്ചുവെന്നും ഭരണഘടന തുറന്നിട്ട നീതിയിലേക്കുള്ള വഴികളെ തന്നെ പരിമിതപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2013-ൽ കൊണ്ടുവന്ന ഭേദഗതിയുടെ പ്രതികൂല ഫലങ്ങൾ നിരവധിയാണ്. ഇത് ഭൂമി മാഫിയകളെ ധൈര്യപ്പെടുത്തി. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ഭൂമിയിലുള്ള വഖഫ് അവകാശവാദങ്ങൾ, ഹരിയാനയിലെ ഗുരുദ്വാര ഭൂമിയെച്ചൊല്ലിയുള്ള തർക്കങ്ങൾ, കർണാടകയിലെ കർഷകരുടെ ഭൂമിയിലുള്ള അവകാശവാദങ്ങൾ എന്നിവ ഉദാഹരണങ്ങളായി അദ്ദേഹം എടുത്തുകാട്ടി. കൂടാതെ സംസ്ഥാനങ്ങളിലുടനീളമുള്ള ആയിരക്കണക്കിന് ഹെക്ടർ ഭൂമിയും ഇപ്പോൾ എൻഒസിയിലും നിയമപരമായ സങ്കീർണ്ണതകളിലും കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ഇന്ത്യ സാവധാനത്തിൽ പുരോഗമിക്കുമെന്ന് കരുതിയിരുന്നവർ ഇപ്പോൾ വേഗതയേറിയതും ഭയമില്ലാത്തതുമായ ഒരു ഇന്ത്യയ്‌ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യ ഇരട്ടി വേഗതയിൽ മുന്നേറി, ഒരു ദശാബ്ദത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: