കൊച്ചി: ആഗോളനിലവാരത്തിലുള്ള സമുദ്ര പഠന, ഗവേഷണ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ സമഗ്ര വികസനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര തുറമുഖ- ഷിപ്പിങ് ജലപാത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. രാജ്യത്തുടനീളമുള്ള ഐഎംയു ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചിക്ക് പുറമെ വിശാഖപട്ടണം, കൊൽക്കത്ത, ചെന്നൈ, മുംബൈ ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ പരിഷ്കരണം എന്നീ മേഖലകളിലാണ് 17ഇന കർമപദ്ധതി നടപ്പിലാക്കുന്നത്. ആധുനികരീതിയിലുള്ള മാരിടൈം കോഴ്സുകൾ ലഭ്യമാക്കുന്നതിനോടൊപ്പം പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി മാരിടൈം കോഴ്സുകളുടെ കാലാനുസൃതമായ പരിഷ്കരണവും വിദ്യാർഥികൾക്ക് ലോകോത്തര പരിശീലനവും ഉറപ്പാക്കും. കപ്പൽ പ്രവർത്തനങ്ങൾ, നാവിഗേഷൻ എന്നിവയുടെ പരിശീലനത്തിനായി അത്യാധുനിക സിമുലേറ്ററുകൾ, സോളാർ പവർ പ്ലാന്റുകൾ, വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം, മികച്ച കായിക സൗകര്യം എന്നിവയും ഉറപ്പുവരുത്തും. യൂണിവേഴ്സിറ്റി ക്യാംപസുകളുടെ നവീകരണത്തിനും വികസനത്തിനുമായി ആകെ 67.77 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടമായി, കൊച്ചി ക്യാംപസിൽ പെൺകുട്ടികൾക്കുവേണ്ടി ആധുനിക സജീകരണങ്ങളോടെ ഹോസ്റ്റൽ കെട്ടിടം നിർമിക്കും. ഇതിനായി 13.11 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മാരിടൈം അമൃത്കാല്‍ വിഷന്‍ 2047ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ എംപിമാരായ ഹൈബി ഈഡന്‍, ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മാലിനി വി ശങ്കര്‍, സർവകലാശാല ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: